Site iconSite icon Janayugom Online

സാഹിത്യകാരി ബാപ്സി സിധ്വ അന്തരിച്ചു

ഐസ് കാന്‍ഡിമാന്‍ എന്ന ഐതിഹാസിക നോവലിലൂടെ പ്രശസ്തയായ പാകിസ്ഥാന്‍ എഴുത്തുകാരി ബാപ്സി സിധ്വ (86) അന്തരിച്ചു. ബുധനാഴ്ച യുഎസിലെ ഹൂസ്റ്റണിലായിരുന്നു അന്ത്യം.ദക്ഷിണേഷ്യന്‍ സാഹിത്യത്തിലെ വേറിട്ട ശബ്ദമായിരുന്ന ബാപ്സി സിധ്വയുടെ കൃതികള്‍. ഏഷ്യന്‍ ചരിത്രത്തിലും സംസ്കാരത്തിലും വേരൂന്നി നില്‍ക്കുന്നവയാണ് കൃതികളുടെ പ്രത്യേകതകള്‍ .1938 ആഗസ്‌ത്‌ 11 ന് കറാച്ചിയിലെ ഒരു പാഴ്സി കുടുംബത്തിലാണ്‌ ബാപ്‌സി സിധ്വ ജനിച്ചത്‌.

പിന്നീട്‌ അവർ ലാഹോറിലേക്ക് താമസം മാറുകയായിരുന്നു. ലാഹോറിലാണ്‌ ബാപ്‌സി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്‌. രണ്ടാം വയസിൽ പോളിയോ പിടിപെട്ട അവരുടെ എഴുത്തിൽ ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികൾ പ്രതിഫലിച്ചിരുന്നു.ദി ക്രോ ഈറ്റേഴ്സ് (1978), ദി ബ്രൈഡ് (1982), ആൻ അമേരിക്കൻ ബ്രാറ്റ് (1993), സിറ്റി ഓഫ് സിൻ ആൻഡ് സ്ലെൻഡർ: റൈറ്റിംഗ്സ് ഓൺ ലാഹോർ (2006) എന്നിവയുൾപ്പെടെയുള്ള ബാപ്‌സി സിധ്വയുടെ നോവലുകൾ ദക്ഷിണേഷ്യയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്നതാണ്‌.

ഇന്ത്യൻ- കനേഡിയൻ ചലച്ചിത്ര നിർമാതാവായ ദീപ മേത്ത എർത്ത് , വാട്ടർ എന്നീ സിനിമകൾക്കാധാരം ബാപ്‌സി സിധ്വയുടെ ഐസ് കാൻഡി മാൻ, വാട്ടർ ‑എന്നീ നോവലുകളാണ്‌. 1947‑ലെ ഇന്ത്യാ–-പാക്ക്‌ വിഭജനത്തിന്റെ ഭീകരതയാണ്‌ ഐസ് കാൻഡി മാൻന്റെ പ്രമേയം. ബിബിസിയുടെ ലോകത്തെ സ്വാധീനിച്ചിട്ടുള്ള 100 നോവലുകളുടെ പട്ടികയിൽ ഇടം നേടിയ ഐസ് കാൻഡി മാൻ മലയാളം ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Exit mobile version