Site icon Janayugom Online

മാലിന്യം വലിച്ചെറിയല്‍: തത്സമയ പിഴ 5000 രൂപ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും സർക്കാർ നടപടികളും കൂടുതൽ കാര്യക്ഷമവും കർശനവുമാക്കുന്നതിന് മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കി. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താൽ ഒരു വർഷം വരെ തടവും അരലക്ഷം രൂപ പിഴയും ശനിയാഴ്ച പുറത്തിറക്കിയ ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യ മുക്തം ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിച്ച ഒരു പ്രധാന കാര്യമായിരുന്നു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഓർഡിനൻസ്.

2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ്, 2023ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസുകളിലൂടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമായ മാറ്റങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് വ്യാപകമായ അധികാരങ്ങൾ നൽകി എന്നതാണ്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വർധിപ്പിച്ചു.

തെറ്റായ പ്രവൃത്തി ചെയ്യുന്നതിൽ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നതിന് അതിനനുസരിച്ചുള്ള ഗൗരവമേറിയ പിഴ ഈടാക്കേണ്ടതാണെന്ന് ഓർഡിനൻസില്‍ പറയുന്നു. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം അവരുടെ മേൽ ചുമത്താവുന്ന പിഴയുടെ തോതും വർധിപ്പിച്ചു. പിഴയടച്ചില്ലെങ്കിൽ പൊതുനികുതി കുടിശിക പോലെ ഈടാക്കേണ്ടതാണ്. മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സ്വീകരിച്ച ഒരു സുപ്രധാന ചുവടുവയ്പാണ് നിയമ ഭേദഗതിയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവരിൽ കൂടുതൽ പിഴ ചുമത്തുന്നതിന് ഈ നിയമ ഭേദഗതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ സുസ്ഥിര ഭാവി ശക്തിപ്പെടുത്തുന്നതിനായി പാരിസ്ഥിതിക പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് തടയിടാൻ ഇത്തരം പ്രവൃത്തികൾക്കെതിരെയുള്ള പിഴ കനത്തതായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യൂസര്‍ ഫീയില്‍ വീഴ്ച വരുത്തിയാല്‍ അമ്പത് ശതമാനം പിഴ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചുമതലകള്‍ പൂര്‍ണമായും സെക്രട്ടറിയില്‍ നിക്ഷിപ്തമാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. ശിക്ഷാനടപടികള്‍ എടുക്കാനും നടപ്പിലാക്കാനുമുള്ള സെക്രട്ടറിയുടെ അധികാരങ്ങള്‍ വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇത്തരം വിഷയങ്ങളില്‍ സെക്രട്ടറിക്ക് എടുക്കാവുന്ന നടപടികളില്‍ പരിമിതി ഉണ്ടായിരുന്നു. നോട്ടീസ് കൊടുത്ത്, കുറ്റാരോപിതനായ വ്യക്തിയെ കേട്ട ശേഷം പിഴ ചുമത്താനുള്ള അധികാരവും ഓര്‍ഡിനന്‍സ് വഴി സെക്രട്ടറിക്ക് നല്‍കി.

ഏതെങ്കിലും മാലിന്യ ഉല്പാദകൻ യൂസർ ഫീ നൽകുന്ന കാര്യത്തിൽ വീഴ്ചവരുത്തിയാൽ പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശികയായി ഈടാക്കും. എന്നാൽ 90 ദിവസത്തിനു ശേഷവും തുക നൽകാത്ത പക്ഷം മാത്രമേ അത് ഈടാക്കാൻ പാടുള്ളൂ. യൂസർ ഫീ അടയ്ക്കാത്ത വ്യക്തിക്ക് അത് അടയ്ക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ഏതൊരു സേവനവും സെക്രട്ടറിക്ക് നിരസിക്കാവുന്നതാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സർക്കാർ മാർഗ നിർദേശങ്ങൾക്കനുസൃതമായി ഉചിതമെന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസർ ഫീയിൽ നിന്നും ഒഴിവാക്കാം.

Eng­lish Summary:Littering: Live fine Rs.5000
You may also like this video

Exit mobile version