Site iconSite icon Janayugom Online

ലിവർപൂളിനെ അട്ടിമറിച്ച് ബോൺമൗത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ലിവർപൂളിനെ ഞെട്ടിച്ച് ബോൺമൗത്ത്. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബോൺമൗത്ത് ലിവർപൂളിനെ കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ പിറന്ന വിജയഗോളിലൂടെയാണ് ബോൺമൗത്ത് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്.
ആതിഥേയരായ ബോൺമൗത്താണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. 26-ാം മിനിറ്റിൽ ഇവാനിൽസണിലൂടെ മുന്നിലെത്തിയ അവർ, 33-ാം മിനിറ്റിൽ അലക്സ് ജിമിനസിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് നായകൻ വിർജിൽ വാൻ ഡൈക്കിലൂടെ ഒരു ഗോൾ മടക്കി ലിവർപൂൾ തിരിച്ചുവരവിന്റെ സൂചന നൽകി.

രണ്ടാം പകുതിയില്‍ സമനിലയ്ക്കായി പൊരുതിയ ലിവർപൂൾ 80-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഡൊമിനിക് സൊബോസ്‌ലോയിയാണ് ലിവർപൂളിനായി സമനില ഗോൾ നേടിയത്. മത്സരം സമനിലയില്‍ തീരുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിലെ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. ലിവർപൂൾ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ അമീൻ ആദിൽ തൊടുത്ത ഷോട്ട് വലയിൽ കയറിയതോടെ ബോൺമൗത്ത് തകർപ്പൻ വിജയം ഉറപ്പിച്ചു.
സീസണിൽ കിരീടപ്പോരാട്ടത്തിൽ മുന്നേറുന്ന ലിവർപൂളിന് ഈ പരാജയം വലിയ തിരിച്ചടിയാണ് നൽകുന്നത്. പോയിന്റ് പട്ടികയിൽ നിർണായക സ്ഥാനത്തുള്ള അവർക്ക് പ്രതിരോധത്തിലെ പിഴവുകളാണ് വിനയായത്. അതേസമയം, കരുത്തരായ ലിവർപൂളിനെ വീഴ്ത്തിയത് ബോൺമൗത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായി. 

Exit mobile version