Site iconSite icon Janayugom Online

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ന് ചുമതലയേല്‍ക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ലിസ് ട്രസിന് വിജയം. മുന്‍ ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിനെ പരാജയപ്പെടുത്തിയാണ് മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. റിഷി സുനകിനെതിരെ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസിന്റെ വിജയം. ലിസ് ട്രസിന് 81,326 വോട്ടുകളും സുനകിന് 60,399 വോട്ടുകളുമാണ് ലഭിച്ചത്. 1.8 ലക്ഷം വോട്ടർമാർക്കിടയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വോട്ടെടുപ്പ് നടത്തിയത്. 2025 വരെയാണ് ലിസ് ട്രസിന്റെ കാലാവധി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സഭാ സമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് ലിസ് ട്രസിനെ വിജയിയായി പ്രഖ്യാപിച്ചത്. എലിസബത്ത്‌ രാജ്ഞി താമസിക്കുന്ന സ്‍കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലാണ് ഇന്ന് പുതിയ പ്രധാനമന്ത്രിയുടെ നിയമന ചടങ്ങ്‌ നടക്കുക. ഇടക്കാല പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ രാജ്ഞിക്ക് രാജി സമര്‍പ്പിക്കും. മാർഗരറ്റ് താച്ചർ, തെരേസ മേ എന്നിവരാണ് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം അലങ്കരിച്ച വനിതകള്‍.

ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരായിരുന്നു റിഷി സുനകിന്റേത്. വിജയിച്ചിരുന്നെങ്കില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാകുമായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ റിഷി സുനകിനുണ്ടായിരുന്ന മുന്‍തൂക്കം പിന്നീട് ലിസ് ട്രസിലേക്ക് തിരിയുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ റിഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. എന്നാൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് തുടങ്ങിയതോടെ ലിസ് ട്രസ് ആധിപത്യം നേടി. ബോറിസ് ജോണ്‍സണിന്റെ വിശ്വസ്തനായി നിന്ന് അദ്ദേഹത്തെ വിമത നീക്കത്തിലൂടെ സ്ഥാനത്തു നിന്ന് പുറത്താക്കിയെന്ന പ്രചാരണമാണ് റിഷി സുനകിന് തിരിച്ചടിയായത്. അതി സമ്പന്നന്‍, ഇന്ത്യന്‍ വംശജന്‍ എന്നീ വിശേഷണങ്ങളും സുനകിന്റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

Eng­lish sum­ma­ry; Liz Truss British Prime Min­is­ter; Will take charge today

You may also like this video;

Exit mobile version