Site iconSite icon Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് ചുമതലയേറ്റു

ബ്രിട്ടന്റെ പതിനഞ്ചാം പ്രധാനമന്ത്രിയായി ലിസ് ട്രസ് ചുമതലയേറ്റു. ബോറിസ് ജോണ്‍സണ്‍ സ്‍കോട്ട്‍ലന്‍ഡിലെത്തി എലിസബത്ത് രാജ്ഞിക്ക് രാജികത്ത് കെെമാറി. പിന്നാലെ ലിസ് ട്രസ് ഔദ്യോഗികമായി ചുമതലയേറ്റു. മന്ത്രിസഭ രൂപീകരിക്കാന്‍ രാജ്ഞി ഔപചാരികമായി ആവശ്യപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ 70 വർഷത്തെ ഭരണത്തിൽ ഇതാദ്യമായാണ് ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് പകരം ബാൽമോറലിൽ അധികാര കൈമാറ്റം നടക്കുന്നത്. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ലിസ് ട്രസ്. ലിസ് ട്രസ് മന്ത്രിസഭയിലെ ഉന്നത പദവികളില്‍ വെളുത്ത വംശജരില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പേ­ാര്‍ട്ട് ചെയ്യുന്നു. മുന്‍ ധനകാര്യ മന്ത്രിയും ലിസ് ട്രസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന റിഷി സുനക് മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നാണ് സൂചന. സുല്ല ബ്രാവര്‍മാനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിസ് ട്രസ് മന്ത്രിസഭയിലെ ഏക ഇ­ന്ത്യന്‍ വംശജനായിരിക്കും സുല്ല ബ്രാവര്‍മാന്‍. ജെയിംസ് ക്ലെവര്‍ലിയുടെ പേരാണ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ക്വാസി ക്വാർട്ടെങ് ധനകാര്യ മന്ത്രിയായേക്കും.

ബോറിസ് ജോണ്‍സണിന്റെ മുന്‍ ഉപദേഷ്ടാവ് സാമുവല്‍ കസുമുവും മന്ത്രിസഭയിലുണ്ടാകും. സാജിദ് ജാവേദിനെ വടക്കന്‍ അയര്‍ലന്‍ഡ് സെക്രട്ടറിയായും നദീം സാഹ്‍വിയെ ക്യാബിനറ്റ് ഓഫീസ് മന്ത്രിയായും നിയമിച്ചേക്കും. പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആന്‍ മേരി ട്രെവെലിയൻ, സാംസ്കാരിക സെ­ക്രട്ടറി നദീൻ ഡോറീസ് എന്നിവര്‍ തല്‍സ്ഥാനത്ത് തുടരും. അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആദ്യ പ്രതികരണവുമായി റിഷി സുനക് രംഗത്തെത്തി. തനിക്ക് വേ­ണ്ടി വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും പ്രയാസകരമായ സമയത്ത് ലിസ് ട്രസ് ബ്രിട്ടനെ നയിക്കുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റിഷി സുനക് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എല്ലാവരും ഒരു കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്തിന്റെ സമ്പദ്‍‍വ്യവസ്ഥയെ തിരിച്ചുപിടിക്കുകയാണ് ലിസ് ട്രസിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പൊതുഗതാഗത മേഖലയിലടക്കം തൊഴിലാളി സമരങ്ങളും വ്യാപകമാണ്. നികുതി വെട്ടിക്കുറയ്ക്കുക എന്നതാണ് ട്രസിന്റെ സാമ്പത്തിക മുന്‍ഗണന ഊർജപ്രതിസന്ധി, നികുതി ഇളവ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങളിൽ നിർണായക പ്രഖ്യാപനം ലിസ് ട്രസ് നടത്തിയേക്കും. എന്നാല്‍ ഊര്‍ജ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നികുതിയിളവുകള്‍ ഫലപ്രദമാണോയെന്ന ആശങ്ക വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Eng­lish Sum­ma­ry:  Liz Truss took over as British Prime Minister
You may also like this video

 

Exit mobile version