Site iconSite icon Janayugom Online

വായ്പാ കുടിശിക: പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥലം ജപ്തി ചെയ്തു

പി വി അന്‍വര്‍ എംഎല്‍എയുടെ 140 സെന്റ് സ്ഥലവും വസ്തുവകകളും 1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിന് ആക്‌സിസ് ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്തി. ബാങ്ക് വായ്പയും കുടിശികയും പലിശയുമടക്കം രണ്ട് മാസത്തിനകം തിരിച്ചടക്കണമെന്ന ഡിമാന്റ് നോട്ടീസ് കിട്ടിയിട്ടും 2021 ഓഗസ്റ്റ് 31 വരെയുളള കുടിശികയായ 1,18,48,366.09 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമ പ്രകാരം വസ്തുവകകള്‍ ബാങ്ക് കൈവശപ്പെടുത്തിയത്. ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് വില്ലേജിലെ 140 സെന്റ് സ്ഥലമാണ് ബാങ്ക് ജപ്തി ചെയ്തത്. ഇക്കാര്യം വ്യക്തമാക്കി ബാങ്ക് പത്രപ്പരസ്യവും നല്‍കിയിട്ടുണ്ട്.

2021ല്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 63.11 കോടി രൂപയുടെ ആസ്തിയാണ് അന്‍വര്‍ വെളിപ്പെടുത്തിയത്. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ 20,000 കോടി രൂപയുടെ സ്വര്‍ണഖനന ബിസിനസ് നടത്തുകയാണെന്ന് വെളിപ്പെടുത്തിയ പി വി അന്‍വര്‍ നിലവില്‍ സിയറ ലിയോണിലാണ് കൂടുതല്‍ സമയം ഉള്ളത്. അന്‍വറിന്റെ സഹായി കക്കാടംപൊയില്‍ സ്വദേശി മീനാട്ടുകുന്നേല്‍ ഷാജി ഒരാഴ്ച മുമ്പ് സിയറ ലിയോണില്‍ മരണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തി സംസ്കരിച്ചിരുന്നെങ്കിലും ആഫ്രിക്കയില്‍ നിന്നും പി വി അന്‍വര്‍ നാട്ടിലെത്തിയിരുന്നില്ല.

ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി വി അന്‍വറും കുടുംബവും സ്വന്തമാക്കിയ പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമരശേരി ലാന്റ് ബോര്‍ഡ് ഇതിനായുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഭൂമി സംബന്ധിച്ച രേഖകളുമായി ഹാജരാകാന്‍ രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും പി വി അന്‍വര്‍ എത്തിയിരുന്നില്ല. നിലവില്‍ പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ റോപ് വേ പൊളിച്ചുനീക്കുന്ന നടപടി തുടരുകയാണ്. നേരത്തെ ഈ സ്ഥലം പി വി അന്‍വറിന്റെ പക്കലായിരുന്നു ഉണ്ടായിരുന്നത്.

 

Eng­lish Sum­ma­ry: Loan arrears: PV Anwar MLA’s land confiscated

 

You may like this video also

Exit mobile version