വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലുള്ളവർക്കായാണ് ആശ്വാസ നടപടി. ജൂലൈ 30 ന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം. സംഭവത്തില്‍ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് വയനാട് ജില്ലാ കളക്ടറോട് നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പാബാധ്യതകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം നാളെ ചേരും. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് യോഗം ചേരുന്നത്. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതും എല്ലാം നഷ്ടമായവരുടെ വായ്പകൾ എഴുതിത്തള്ളുന്നതും ഉൾപ്പെടെ ചർച്ചയാകും.
ഇത് സംബന്ധിച്ച് ബാങ്കേഴ്സ് സമിതിയുടെ വയനാട് ജില്ലാതല യോഗം സംസ്ഥാന സമിതിക്ക് നിർദേശം സമർപ്പിച്ചിട്ടുണ്ട്. വായ്പകൾക്ക് പുറമെ ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നതും ബാങ്കേഴ്സ് സമിതിയിൽ ചർച്ചയാകും. ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ എഴുതിത്തള്ളുമെന്ന് കേരളാബാങ്ക് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർ, ഈടു നൽകിയ വീടും വസ്തുവകകളും ഉരുളെടുത്ത് പോയവർ തുടങ്ങിയവരുടെ ബാധ്യതകളെല്ലാം എഴുതിത്തള്ളാനാണ് കേരളാ ബാങ്ക് ഭരണസമിതിയുടെ തീരുമാനം. കേരള ഗ്രാമീൺ ബാങ്കും ചില വാണിജ്യ ബാങ്കുകളും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.