Site icon Janayugom Online

വായ്പ എഴുതിത്തള്ളല്‍: ആനുകൂല്യം കിട്ടിയത് പകുതി കര്‍ഷകര്‍ക്ക്

വിവിധ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകളുടെ എഴുതിത്തള്ളല്‍ 50 ശതമാനം മാത്രമാണ് നടപ്പായതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ക്ലെയിമുകൾ നിരസിച്ചതിനാലോ നിബന്ധനകളിലെ പരിമിതിയോ മൂലം അര്‍ഹരായ 3.7 കോടി ഗുണഭോക്താക്കളിൽ പകുതിയോളം പേര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിച്ചുള്ളുവെന്ന് എസ്‍ബിഐ നടത്തിയ പഠനമാണ് വെളിപ്പെടുത്തിയത്. കാർഷിക വായ്പ എഴുതിത്തള്ളൽ ഉദ്ദേശിച്ച രീതിയിൽ ആശ്വാസം നല്കുന്നതായില്ല. ‘കൊട്ടിഘോഷിച്ചും രാഷ്ട്രീയ താല്പര്യത്തോടെയും നടപ്പാക്കിയിട്ടും പദ്ധതി പരാജയപ്പെട്ടു‘വെന്നാണ് പഠനത്തിലുള്ളതെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സഹായത്തിനായി തിരഞ്ഞെടുത്ത കാരണങ്ങള്‍, ഭൂമിശാസ്ത്രപരമായ സവിശേഷത എന്നിവ പലപ്പോഴും വായ്പാനയങ്ങളുടെ ചട്ടക്കൂട് അട്ടിമറിക്കുന്നതായിരുന്നു. ഇത് ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും കൂടുതൽ വായ്പ നൽകുന്നതിൽ വിമുഖരാക്കുകയാണ്. ഒരര്‍ത്ഥത്തില്‍ ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.

2014 മുതൽ 10 വ്യത്യസ്ത കാർഷിക വായ്പ എഴുതിത്തള്ളൽ പദ്ധതികളിലായി ഏകദേശം 2.53 ലക്ഷം കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും ചുരുക്കം കര്‍ഷകര്‍ക്ക് മാത്രമാണ് ഫലം കിട്ടിയത്. ആന്ധ്രാപ്രദേശിലെ 42 ലക്ഷം കർഷകരിൽ 92 ശതമാനം പേർക്കു കടാശ്വാസം ലഭിച്ചപ്പോള്‍ തെലങ്കാനയിൽ അഞ്ച് ശതമാനത്തിനു മാത്രമാണ് ലഭിച്ചതെന്ന് പഠനം പറയുന്നു. മധ്യപ്രദേശ് 12, ഝാർഖണ്ഡ് 13, പഞ്ചാബ് 24, കർണാടക, ഉത്തർപ്രദേശ് 52 ശതമാനം എന്നിവയാണ് ഏറ്റവും കുറവ് ആനുകൂല്യം കിട്ടിയ സംസ്ഥാനങ്ങള്‍. 2018 ൽ ഛത്തീസ്ഗഡും 2020 ൽ മഹാരാഷ്ട്രയും യഥാക്രമം 100, 91 ശതമാനം പേര്‍ക്ക് സഹായം ലഭ്യമാക്കി പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. വായ്പ എഴുതിത്തള്ളൽ വായ്പാ സംസ്കാരത്തെ നശിപ്പിക്കുമെന്നും ഇത് ഇടത്തരം, ദീർഘകാല കർഷകരുടെ താല്പര്യങ്ങള്‍ക്ക് തടസമാകുമെന്നും പഠനം പരാമർശിക്കുന്നു. 

സ്ത്രീകളുടെ നേതൃത്വത്തിലുള്ള 8,00,000ത്തിലധികം വരുന്ന സ്വാശ്രയ ഗ്രൂപ്പുകളുടെ നിഷ്ക്രിയ ആസ്തി ദേശീയതലത്തില്‍ 10 ശതമാനമാണ്. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇത് 25 ശതമാനത്തിനു മുകളിലാണ്. ആന്ധ്രാപ്രദേശിലാണ് ഏറ്റവും കുറഞ്ഞ അനുപാതം; 0.8 ശതമാനം. പാട്ടക്കൃഷി നടത്തുന്ന കർഷകരെ വായ്പാ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന് കുടിയാൻ സർട്ടിഫിക്കറ്റുകൾ നൽകാന്‍ സര്‍ക്കാര്‍ ഇടപെടൽ വേണമെന്ന് പിഎം-കിസാൻ പദ്ധതി പോലുള്ളവയിലെ ഗുണഭോക്താക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. 30 ലക്ഷത്തോളം ഭൂരഹിതരായ കർഷകരും ഉണ്ടെന്നാണ് പഠനം കാണിക്കുന്നത്.

Eng­lish Summary:Loan waiv­er: Half the farmer got the benefit
You may also like this video

Exit mobile version