കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്.
നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടര്‍ ഉറപ്പുവരുത്തണം.
കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.
English summary;Local authorities have the power to destroy wild boar
You may also like this video;