Site icon Janayugom Online

വാതിൽപ്പടി സേവനം വിജയിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം: മന്ത്രി വി അബ്ദുറഹ്‌മാൻ

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതി വിജയകരമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ നിർദേശിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന 50 പഞ്ചായത്തുകളിലെ നിർവ്വഹണത്തിന്റെ കാര്യക്ഷമത കൂടി പരിഗണിച്ചായിരിക്കും മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക. ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാണ് കേരളം. ക്ഷേമ പെൻഷനുകൾ സുതാര്യമായി വീടുകളിൽ എത്തിച്ചു നൽകുന്നത് നിരവധി പേർക്ക് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ രമേശ് ചെന്നിത്തല എം എൽ എ അധ്യക്ഷനായി. നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം എ എം. ആരിഫ് എം പി നിർവ്വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ മുഖ്യാതിഥിയായി. സന്നദ്ധ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ രേഖ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു വിതരണം ചെയ്തു. ചലച്ചിത്ര താരം ടി പ. മാധവൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം എം അനസ് അലി, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പൊന്നമ്മ എന്നിവർ പങ്കെടുത്തു.

അശരണർക്ക് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന വാതിൽപ്പടി സേവന പദ്ധതി ജില്ലയിൽ കരുവാറ്റയ്ക്കു പുറമെ തിരുവൻവണ്ടൂർ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. വയോജനങ്ങൾ, കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, അഗതികൾ തുടങ്ങിയവരിൽ നിന്നും വാർഡ് തല നിർവഹണ സമിതികൾ കണ്ടെത്തിയതും ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതുമായ 528 ഗുണഭോക്താക്കൾക്കാണ് തുടക്കത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.

ക്ഷേമപെൻഷനുകൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹയാത്തിനും അപേക്ഷ സമർപ്പിക്കൽ, മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകൽ എന്നിങ്ങനെ അഞ്ച് സേവനങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഇതിനു പുറമേ കരുവാറ്റ പഞ്ചായത്തിൽ സാന്ത്വന പരിചരണ പ്രവത്തനങ്ങളുടെ ഭാഗമായുള്ള സേവനങ്ങൾ, ഗ്രാമപഞ്ചായത്ത് ഓഫീസ് മുഖേനയുള്ള സേവനങ്ങൾ, ടെലി മെഡിസിൻ സൗകര്യം എന്നിവ കൂടി നൽകും.

ആശുപത്രികളിൽ കൂട്ടിരിപ്പ് സഹായം വേണ്ടവർക്ക് ലഭ്യമാക്കും. വീടുകളിലെ രോഗീപരിചരണത്തിന് ഹോം നഴ്സിംഗ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും. ഇതിന് ആവശ്യമായ പണം സ്പോൺസർഷിപ്പിലൂടെയും സംഭാവനകളിലൂടെയും കണ്ടെത്തും. ഇതിനായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് നവംബർ ഏഴിന് ജനകീയ ഫണ്ട് ശേഖരണം നടത്തും.

Exit mobile version