Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ്; 2.10 കോടി വോട്ടര്‍മാര്‍

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍. രണ്ട് കോടി 10 ലക്ഷത്തിലധികം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലവില്‍ വന്നതിനു ശേഷം 1995 മുതല്‍ ഇതുവരെ നടത്തിയ ഏഴ് പൊതു തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് ഈ തെരഞ്ഞെടുപ്പിലാണ്. ആദ്യഘട്ടത്തില്‍ 70.91% വോട്ടിങ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തില്‍ ആകെ വോട്ടിങ് 75.74 ശതമാനമാണ്. അന്തിമ കണക്കില്‍ മാറ്റം വരാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വളരെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. കാലാവസ്ഥ അനുകൂലമായിരുന്നു. വോട്ടര്‍മാര്‍, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊലീസ്, എല്ലാവരും തെരഞ്ഞെടുപ്പ് കമ്മിഷനോട് സഹകരിച്ചു. പെരുമാറ്റചട്ടം പാലിച്ചും പൂര്‍ണമായും ഹരിത ചട്ടം പാലിച്ചുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രചരണ സാമഗ്രികള്‍ ഉടന്‍ തന്നെ പൊതു സ്ഥലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ നീക്കം ചെയ്യണം. അത് ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ അതിനുവേണ്ടി വരുന്ന ചെലവ് സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 14 കളക്ടറേറ്റുകളിലുമായാണ് വോട്ടെണ്ണല്‍ നടക്കുക. ഈ തെരഞ്ഞെടുപ്പില്‍ 1.37% ഇവിഎം മെഷീനുകള്‍ മാത്രമാണ് മാറ്റി വോട്ടെടുപ്പ് നടത്തേണ്ടി വന്നിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങളും 21ന് സത്യപ്രതിജ്ഞ‌ ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 

Exit mobile version