Site iconSite icon Janayugom Online

തദ്ദേശ തെര‌ഞ്ഞെടുപ്പ്: അന്തിമ പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ആകെയുള്ളത് 2,83,12,463 വോട്ടർമാർ. 1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്ജെൻഡറുകളും പട്ടികയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയത്. ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,66,78,256 വോട്ടർമാരാണുണ്ടായിരുന്നത്.

ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2087 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. കമ്മിഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിലും അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും വോട്ടർ പട്ടിക പരിശോധിക്കാം.
കരട് വോട്ടർപട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും കമ്മിഷൻ പരിഗണിക്കുകയും ഹിയറിങ് നടത്തുകയും ചെയ്തു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് 29,81,310 പുതിയ അപേക്ഷകളാണ് ലഭിച്ചത്. തിരുത്തലിന് 13,859ഉം വാർഡ്/പോളിങ് സ്റ്റേഷൻ മാറ്റുന്നതിന് 1,80,789 ഉം അപേക്ഷകളും ലഭിച്ചു. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് 4,88,024 ആക്ഷേപങ്ങളാണ് ലഭിച്ചത്. 2020 ലെ പൊതുതിരഞ്ഞെടുപ്പിന് 2,8312472 (1,33,52,951 പുരുഷൻമാര്‍, 1,49,59,245 സ്ത്രീകള്‍, 276 ട്രാൻസ്ജെൻഡര്‍മാര്‍) വോട്ടർമാരാണുണ്ടായിരുന്നത്. പ്രവാസി വോട്ടർപട്ടികയിൽ 2162 പേരാണുണ്ടായിരുന്നത്. 

Exit mobile version