ഒരു മാസത്തോളം നീണ്ടുനിന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കൊട്ടിക്കലാശമാണ് നാളെ വൈകിട്ട് ആറിന് നടക്കുക. ഒമ്പതിനാണ് ഈ ജില്ലകളില്‍ വോട്ടെടുപ്പ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒമ്പതിന് വൈകിട്ട് ആറ് വരെയാണ് പരസ്യപ്രചാരണം. 11ന് വോട്ടെടുപ്പ് നടക്കും. 13നാണ് ഫലപ്രഖ്യാപനം.ആദ്യഘട്ടത്തിന് മൂന്നുനാള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന ലാപ്പിലും യുഡിഎഫിനെയും ബിജെപിയെയും ബഹുദൂരം പിന്നിലാക്കി എല്‍ഡിഎഫ് പ്രചാരണത്തില്‍ മുന്നിലാണ്.
ലൈംഗിക പീഡനക്കേസിലുള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പ്രതിരോധിക്കാൻ നിര്‍ബന്ധിതരായി നാണംകെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് പ്രചാരണരംഗത്ത് കാണാനാവുന്നത്. പ്രചാരണത്തിലെ മുഴുവൻ സമയവും രാഹുലിന് കവചവും സംരക്ഷണവും ഒരുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഒടുവില്‍ കോടതി കൈവിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാനായി ശ്രമം.
കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. പ്രതിപക്ഷത്തിന്റെ അനാവശ്യ ആരോപണങ്ങളെയും വിവാദങ്ങളെയും കൃത്യമായി പ്രതിരോധിക്കുകയും അവധാനതയോടെ മറികടക്കുകയും ചെയ്തു. വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകുമെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് തങ്ങളുടെ മുൻഗണനയെന്നുമുള്ള പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു പ്രചാരണം. നേട്ടങ്ങള്‍ക്കൊപ്പം അടുത്ത അഞ്ച് വര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും മുന്നോട്ടുവച്ചാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിച്ചത്.
തലസ്ഥാനത്തെയടക്കം കോര്‍പറേഷനുകളില്‍ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി കളത്തില്‍ കിതയ്ക്കുന്നതാണ് കാഴ്ച. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ സഹകരണ ബാങ്ക് ക്രമക്കേടില്‍ കുടുങ്ങി.
അതേസമയം കൊട്ടിക്കലാശം സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ നിർദേശിച്ചു. പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിക്കരുതെന്നും തർക്കങ്ങളും വെല്ലുവിളികളും ശബ്ദനിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

