സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ — ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് പുതിയ തദ്ദേശ ഭരണ സമിതികള്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുപോവുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാൻ പറഞ്ഞു.
ഇതുസംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൻ ഖേല്‍ക്കറുമായി ചര്‍ച്ച നടത്തി. വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയക്രമം പിന്നീട് അറിയിക്കും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കമ്മിഷണര്‍ ജില്ലാകളക്ടർമാരോട് നിർദേശിച്ചു. വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം കമ്മിഷന്റെ വെബ്സൈറ്റായ www.sec.kerala.gov.inൽ ലഭിക്കും. ഇവർക്കുള്ള പരിശീലനം ഒക്ടോബർ ഏഴ് മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ മൂന്ന് മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവിറക്കാൻ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളിലും ഹരിതചട്ടം പാലിക്കണം. ഇതിനായി കുടുംബശ്രീ, ഹരിതകർമ്മ സേന, ക്ലീൻ കേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം. ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ബി എസ് പ്രകാശ്, ജില്ലാകളക്ടർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

