Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവര്‍ ഡിസിസി ഓഫിസില്‍ ഏറ്റുമുട്ടി

സീറ്റ് വിഭജന ചർച്ചക്കിടെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവർ കോഴിക്കോട് ഡിസിസി ഓഫീസിൽ പരസ്പരം ഏറ്റുമുട്ടി. സംഭവത്തില്‍ ഡിസിസി അന്വേഷണം പ്രഖ്യാപിച്ചു. നിരീക്ഷകനായ ഹരിദാസന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. നടക്കാവ് വാർഡിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച് നേതാക്കൾ രംഗത്തെത്തിയതോടെ യോഗം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. മത‑സാമുദായിക ഘടകങ്ങള്‍ പരിഗണിച്ചില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും പരാതി ഉയർന്നിരുന്നു.

കയ്യാങ്കളി നാണക്കേടായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് ഡിസിസിയുടെ തീരുമാനം. കോഴിക്കോട് കോർപ്പറേഷൻ ഇത്തവണ പിടിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ കോൺഗ്രസിന് തുടക്കം തന്നെ നേതാക്കളുടെ കയ്യാങ്കളി തിരിച്ചടിയായി. സംഘർഷത്തിന് പിന്നാലെ നടക്കാവിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം ഡിസിസി കെപിസിസിയ്ക്ക് വിട്ടു.

ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ ഉൾപ്പെടെ കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. പോയ്മെന്റ് സീറ്റ് ആരോപണം ഉയർത്തി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. എം കെ രാഘവൻ എം പി, ഷാഫി പറമ്പിൽ എം പി എന്നിവരുടെ സാന്നിധ്യത്തിൽ മുതിർന്ന നേതാക്കൾ കൂടിയാലോചിച്ചാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്നാണ് വിശദീകരണം.

ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പുറത്തുവിട്ടത്. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28 ഡിവിഷനുകളിൽ 14 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ ഏഴ് വാർഡുകളിലെ സ്ഥാനാർത്ഥികളെ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പ്രഖ്യാപിച്ചിരുന്നു,

Exit mobile version