Site iconSite icon Janayugom Online

തദ്ദേശ സ്വയംഭരണ റോഡ്‌ പുനരുദ്ധാരണ പദ്ധതി; 800 റോഡുകള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയംഭരണ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ ഇന്ന് നാടിന് സമര്‍പ്പിക്കും. റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്‌ പാലക്കാട്‌ തൃത്താല ഇട്ടോണം സെന്ററിൽ രാവിലെ 11ന് നിര്‍വഹിക്കും. ഇതേസമയം 800 റോഡുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്‌. 800 റോഡുകളിലായി 1840 കിലോമീറ്റർ റോഡ്‌ 150 കോടി രൂപ ചെലവിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. 2018, 2019 പ്രളയങ്ങളിൽ തകർന്നതും റീബിൽഡ്‌ കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ്‌ പുനരുദ്ധരിച്ചത്‌.

140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12,000 കിലോമീറ്റർ റോഡ്‌ നിർമ്മാണത്തിന്‌ 1000 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. ഇതുവരെ 10,680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ്‌ ഇതിനകം പൂർത്തിയായത്‌.

റോഡുകളുടെ എണ്ണം ജില്ല തിരിച്ച്
* തിരുവനന്തപുരം — 22 റോഡ്‌ — 51കിലോമീറ്റർ
* കൊല്ലം- 19 റോഡ്‌ — 44 കിലോമീറ്റർ
* പത്തനംതിട്ട — 49 റോഡ്‌ ‑113 കിലോമീറ്റർ
* ആലപ്പുഴ ‑60 റോഡ്‌ ‑138 കിലോമീറ്റർ
* കോട്ടയം — 94 റോഡ്‌ — 216 കിലോമീറ്റർ
* ഇടുക്കി ‑34 റോഡ്‌ ‑78 കിലോമീറ്റർ
* എറണാകുളം- 61 റോഡ് — 140 കിലോമീറ്റർ
* തൃശൂർ — 50 റോഡ്‌ — 115 കിലോമീറ്റർ
* പാലക്കാട്‌ — 43 റോഡ്‌ — 99 കിലോമീറ്റർ
* മലപ്പുറം — 140 റോഡ്‌ — 322 കിലോമീറ്റർ
* വയനാട്‌ — 16 റോഡ്‌ — 37 കിലോമീറ്റർ
* കോഴിക്കോട്‌ — 140 റോഡ്‌ — 322 കിലോമീറ്റർ
* കണ്ണൂർ- 54 റോഡ്‌ — 124 കിലോമീറ്റർ
* കാസര്‍കോട്- 18 റോഡ്‌ — 41 കിലോമീറ്റർ

Eng­lish Summary;Local Gov­ern­ment Road Reha­bil­i­ta­tion Project; 800 roads will be ded­i­cat­ed to the nation today

You may also like this video

Exit mobile version