സുപ്രീം കോടതി ബെഞ്ചുകള്‍ പ്രാദേശികമായി സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ നാമക്കലില്‍ മദ്രാസ് ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
പരാതിക്കാരെയും അഭിഭാഷകരെയും ഉള്‍ക്കൊള്ളാന്‍ പാകത്തിന് കോടതി നിശ്ചയിക്കുന്ന ഇടവിട്ട ദിവസങ്ങളില്‍ കേസുകള്‍ വിര്‍ച്വലായി വാദം കേള്‍ക്കല്‍ തുടരും. ഇത് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കോവിഡ് കാലത്ത് നടപ്പിലാക്കിയ വിര്‍ച്വല്‍ വാദം കേള്‍ക്കല്‍ തുടരാനാണ് സുപ്രീം കോടതി തീരുമാനം. സുപ്രീം കോടതി പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ പി വില്‍സണ്‍ രാജ്യസഭയില്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിനിടെ ചൂണ്ടിക്കാട്ടാന്‍ ജസ്റ്റിസ് രമണ മറന്നില്ല.
സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ള, ഇനിയും ബാക്കി നില്‍ക്കുന്ന 212 ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ ഹൈക്കോടതികള്‍ വേഗത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ജനസംഖ്യാ ക്രമം പാലിച്ച് ജഡ്ജിമാരുടെ എണ്ണത്തിലും വര്‍ധന വേണം. എന്നാലെ നീതിന്യായ സംവിധാനം സുഗമമാകൂ. നിലവില്‍ അനുമതി ലഭിച്ച 1104 ജഡ്ജിമാരുടെ തസ്തികയില്‍ 388 ഒഴിവുകള്‍ ഇനിയും ബാക്കിയായി നിലനില്‍ക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കേണ്ടവരുടെ പട്ടിക എത്രയും വേഗം ഹൈക്കോടതികള്‍ അതത് സര്‍ക്കാരുകള്‍ക്ക് ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം 180 ജഡ്ജി നിയമന ശുപാര്‍ശകളാണ് തനിക്ക് ലഭിച്ചത്. ഇവരില്‍ 126 പേരെ ഹൈക്കോടതി ജഡ്ജിമാരായി ഇതിനോടകം നിയമിച്ചു. സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശകളില്‍ 56 എണ്ണത്തില്‍ ഇനിയും തീരുമാനം കാത്തിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒപ്പം സര്‍ക്കാരിന് ലഭിച്ച നൂറ് ശുപാര്‍ശകള്‍ വേറെയുണ്ട്. ഇത് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം ഇന്ത്യാവല്ക്കരണത്തിലേക്ക് മാറണമെന്ന നിര്‍ദേശമാണ് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ച് മുന്നോട്ടുവയ്ക്കുന്നത്. നിയമ സംവിധാനത്തില്‍ എല്ലാവരെയും പങ്കാളികളാക്കാന്‍ ഇത് അനിവാര്യമാണ്. ഭാഷാ വ്യതിയാനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, തസ്തികകള്‍ നികത്തല്‍ ഉള്‍പ്പെടെ നിയമ സംവിധാനം സാധാരണക്കാര്‍ക്കുവരെ പ്രാപ്തമാക്കുന്ന തരത്തിലുള്ള പരിഷ്‌കരണം ഉണ്ടാകമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
English Summary: Local Supreme Court Benches: Chief Justice NV Ramana against the Central Government’s position
You may like this video also