ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ. ശനി വൈകുന്നേരമാണ് സംഭവം ഉണ്ടായത്. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് തമിഴ്നാട് മധുര സ്വദേശിയായ യുവാവ് അപകടത്തിൽപ്പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു.
സെൽഫി എടുക്കുന്നതിനിടയിൽ യുവാവ് ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ തങ്ങിനിന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ എത്തുകയായിരുന്നു. തുടർന്ന് യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് രക്ഷപ്പെടുത്തി. മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് പോകരുതെന്ന കർശന നിർദേശമുണ്ട്. എന്നാൽ ഇവിടെ എത്തുന്നവർ ഇത് അവഗണിച്ചാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.

