Site iconSite icon Janayugom Online

യുപിയിൽ നാട്ടുകാർ വാഹന ഷോറൂമിന് തീയിട്ടു; അരക്കോടി രൂപയുടെ നഷ്ടം

ഉത്തർ പ്രദേശില്‍ ദുർഗാപൂജ ഘോഷയാത്രയ്ക്കിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ. ബഹ്റൈച്ചിലാണ് സംഭവം. 38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തിൽ കത്തിനശിച്ചത്. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമാണ് അക്രമികൾ അഗ്നിക്ക് ഇരയാക്കിയത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാർക്കിംഗിലുണ്ടായിരുന്ന നാല് കാറുകളുമാണ് തീയിട്ടത്. അനുപ് ശുക്ളയുടെ ബാല്യകാല സുഹൃത്തായ മുഹമ്മദ് സഹീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. 

ഷോറൂം ഉടമ അനൂപ് ശുക്ള ഗുരുഗ്രാമിൽ ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുമ്പോഴാണ് അക്രമികൾ വാഹന ഷോറൂം അഗ്നിക്കിരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷോറൂമിലുണ്ടായിരുന്ന നാല് ലക്ഷം രൂപയും തീപിടുത്തത്തിൽ കത്തി നശിച്ചു. അൻപത് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് ഷോറൂം ഉടമ വിശദമാക്കുന്നത്. അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയ 23 കച്ചവടക്കാരിൽ ഏറിയ പങ്കും മുസ്ലിം വിഭാഗത്തിൽ നിന്നായതിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്. ഇതിനിടയിലാണ് ഒക്ടോബർ 13ന് 22കാരനായ റാം ഗോപാൽ മിശ്ര വെടിയേറ്റ് മരിക്കുന്നത്. ഇതോടെ മേഖലയിൽ സംഘർഷം രൂക്ഷമായത്. 

രാംഗോപാൽ മിശ്രയുടെ സംസ്കാരത്തിനു ശേഷം നടന്ന അക്രമത്തിൽ നിരവധി കടകളും, ആശുപത്രിയും വാഹനങ്ങളും കത്തി നശിച്ചിരുന്നു. കൊലപാതകത്തിലും സംഘർഷത്തിലും കേസെടുത്ത പൊലീസ് അന്ന് തന്നെ 30 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അഞ്ച് പേരെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു. ഇതിനോടകം 87 പേരെയാണ് അക്രമ സംഭവങ്ങളിൽ പൊലീസ് പിടിയത്.

Exit mobile version