ലോക്‌സഭയിലും എട്ട് സംസ്ഥാനങ്ങളിലും ഡെപ്യൂട്ടി സ്പീക്കര്‍മാരെ നിയമിക്കാതെ കേന്ദ്ര‑സര്‍ക്കാരുകള്‍. ഭരണഘടനാപരമായ നടപടികള്‍ പാലിക്കാത്തതില്‍ പൊതുസമൂഹവും പൗരസംഘടനകളും ആശങ്ക ഉന്നയിച്ച് രംഗത്തെത്തി. ഝാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി സ്പീക്കറില്ലാതെ 20 വര്‍ഷവും രണ്ട് മാസവുമായി.
നിയമസഭ രൂപീകരിച്ചുകഴിഞ്ഞാല്‍ അംഗങ്ങളില്‍ നിന്ന് എത്രയും വേഗം സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കണം എന്നാണ് ഭരണഘടയുടെ 178-ാം വകുപ്പ് പറയുന്നത്. സ്പീക്കറുടെ സ്ഥാനത്ത് ഒഴിവ് വന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ആ ചുമതല വഹിക്കാം. സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയ നോട്ടീസ് സ്വീകരിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഡെപ്യൂട്ടി സ്പീക്കര്‍മാരെ നിയമിക്കാത്തതെന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഭരണഘടന ചില സുപ്രധാന ചുമതലകള്‍ നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ മരണമോ, രാജിയോ കാരണം ഒഴിവ് വന്നാല്‍ അദ്ദേഹം സ്പീക്കറായി ചുമതലയേല്‍ക്കണം. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് സ്വീകരിക്കുന്നതും ആ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതും ഡെപ്യൂട്ടി സ്പീക്കറാണ്.
നരേന്ദ്ര മോഡി രണ്ടാമതും അധികാരത്തിലെത്തിയ 2019 മുതല്‍ ഇതുവരെ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുത്തിട്ടില്ല. പ്രതിപക്ഷം പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 93 അനുസരിച്ച് ലോക്‌സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നിര്‍ബന്ധമായും തെരഞ്ഞെടുത്തിരിക്കണം. സ്പീക്കര്‍ രാജിവയ്ക്കുകയാണെങ്കില്‍ കത്ത് നല്‍കേണ്ടത് ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ്. ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ട് 2019 മുതല്‍ പ്രതിപക്ഷം സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയെങ്കിലും നരേന്ദ്ര മോഡി സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
2005ലാണ് ഝാര്‍ഖണ്ഡില്‍ അവസാനം ഡെപ്യൂട്ടി സ്പീക്കറുണ്ടായിരുന്നത്. ആറ് വര്‍ഷവും മൂന്ന് മാസവുമായി രാജസ്ഥാനില്‍ ഡെപ്യൂട്ടി സ്പീക്കറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാനകാലത്തുണ്ടായ ഒഴിവ് പുതിയ സര്‍ക്കാരും നികത്തിയില്ല. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും അഞ്ച് വര്‍ഷവും രണ്ട് മാസവുമായി ഡെപ്യൂട്ടി സ്പീക്കറില്ല. ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡില്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവുമായി ഈ പദവി ഒഴിഞ്ഞുകിടക്കുന്നു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ നിയമസഭാ അവസാന സമ്മേളന സമയത്ത് ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുത്തു. നിലവില്‍ മൂന്ന് വര്‍ഷമായി ഡെപ്യൂട്ടി സ്പീക്കറില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും ബിജെപി നയിക്കുന്ന ഛത്തീസ്ഗഡിലും ഒരു വര്‍ഷവും നാല് മാസവുമായി ഡെപ്യൂട്ടി സ്പീക്കര്‍മാരില്ല. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ വന്നിട്ട് ആറുമാസമായിട്ടും ഡെപ്യട്ടി സ്പീക്കറെ തെരഞ്ഞടുത്തിട്ടില്ല.

