Site iconSite icon Janayugom Online

ലീഗ് ഇക്കുറിയും യുവാക്കളെ തഴഞ്ഞു; കളംമാറി ഇ ടിയും സമദാനിയും

മൂന്നാംസീറ്റെന്ന ആവശ്യം കോൺഗ്രസ് തള്ളിയപ്പോള്‍ യുവനേതാക്കളെ പരിഗണിക്കണമെന്ന യൂത്ത് ലീഗ് ആവശ്യം മുസ്ലിം ലീഗ് നേതൃത്വവും നിരാകരിച്ചു. സ്ഥിരംമുഖങ്ങളെ മണ്ഡലങ്ങൾ മാറി പ്രതിഷ്ഠിച്ചു. പൊന്നാനിയിലെ സിറ്റിങ് എംപി ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തും മലപ്പുറം എംപി അബ്ദുസമദ് സമദാനി പൊന്നാനിയിലും മത്സരിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനി തന്നെയാണ് സ്ഥാനാർത്ഥി.

നിയമസഭാ സീറ്റുകള്‍ക്ക് ആനുപാതികമായി പാർലമെന്റ് സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ രണ്ട് സീറ്റില്‍ കൂടുതല്‍ നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് നിലപാടെടുക്കുകയായിരുന്നു. മൂന്നാം സീറ്റ് നൽകുന്നത് അണികളിൽ ബിജെപി അനുകൂല മനോനില സൃഷ്ടിക്കാനിടയുണ്ടെന്ന വാദമാണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചത്. 27 നിയമസഭാ സീറ്റിൽ മത്സരിച്ച് പകുതിയിലേറെ മണ്ഡലങ്ങളിൽ വിജയിക്കുന്ന ലീഗിന് നാലോ അഞ്ചോ പാർലമെന്റ് സീറ്റിന് അർഹതയുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ ആവർത്തിച്ചെങ്കിലും കോ­ൺഗ്രസിൽ സമ്മർദം ചെലുത്തി ആവശ്യം നേടാൻ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ശ്രമിക്കാതിരുന്നതോടെ ആവശ്യം വെള്ളത്തിലെ വരപോലെയായി.

ലീഗിനെ സമാധാനിപ്പിക്കാനെന്നോണം അടുത്തതായി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്ന ഉറപ്പാണ് കോൺഗ്രസ് നൽകിയത്. പുതിയ സാഹചര്യത്തിൽ കോൺഗ്രസുമായി കശപിശ വേണ്ടെന്നും രാജ്യസഭാ സീറ്റുകൊണ്ട് തൃപ്തിപ്പെടാനും ഇന്നലെ ചേർന്ന ലീഗ് പാർലമെന്ററി പാർട്ടിയോഗം തീരുമാനിക്കുകയായിരുന്നു. ഒരു സീറ്റ് യൂത്ത് ലീഗിന് നൽകണമെന്ന ശക്തമായ ആവശ്യം ഉയർന്നുവന്നെങ്കിലും അത് ചർച്ചയ്ക്കുപോലും വന്നില്ല. 2004 മുതൽ ലോക്‌സഭയിലും അതിനുമുമ്പ് നിരവധി തവണ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച ഇ ടിയെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നായിരുന്നു പ്രധാന ആവശ്യം. മൂന്നുതവണ പൊന്നാനിയിൽ പൂർത്തിയാക്കിയ ഇ ടി പിന്മാറാൻ സന്നദ്ധനാകാത്തതിനാല്‍ മറ്റൊരാൾക്കും സാധ്യത ഇല്ലാതായി.

രാജ്യസഭാ സീറ്റ് ലഭിക്കുമ്പോള്‍ സമദാനിക്കു നൽകി പൊന്നാനിയിൽ കെ എം ഷാജിയെയോ പി കെ ഫിറോസിനെയോ പരിഗണിക്കണമെന്നും ആവശ്യമുയർന്നെങ്കിലും ഇടതുപക്ഷവെല്ലുവിളി പൊന്നാനിയിൽ അതിശക്തമാണെന്ന വിലയിരുത്തലിൽ സമദാനിക്ക് തന്നെ നറുക്ക് വീണു. യുവാക്കൾക്ക് അവസരം നൽകാതെ സ്ഥിരമായി മുതിർന്നവരും പ്രായം ചെന്നവരുമായ നേതാക്കളെ സ്ഥാനാർത്ഥികളാക്കുന്ന തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ലീഗ് അണികളിൽ ഉണ്ടായിട്ടുള്ളത്. പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നേതൃത്വത്തിനെതിരെ പ്രവർത്തകർ കൂട്ടത്തോടെ പ്രതികരിച്ചുതുടങ്ങിയത് പ്രദേശിക നേതാക്കൾക്ക് തലവേദനയായിട്ടുണ്ട്.

Eng­lish Sum­ma­ry: lok sab­ha elec­tion 2024 mus­lim league candidate
You may also like this video

Exit mobile version