Site iconSite icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും 3,958 കോടിയുടെ മയക്കുമരുന്നും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനിയന്ത്രിതമായി പണമൊഴുകുന്നു. വിവിധ ഏജന്‍സികള്‍ 8,889 കോടിയുടെ സാധനങ്ങളും പണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതില്‍ വലിയ ഭാഗം മയക്കുമരുന്നാണ്. ഏകദേശം 3,959 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
മയക്കുമരുന്ന്, മദ്യം, വിലയേറിയ ലോഹങ്ങള്‍, പണം എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. നേരിട്ട് പണമായി നല്‍കിയും ചിലയിടത്ത് സാധനസാമഗ്രികളിലൂടെയുമാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്ത ഓപ്പറേഷനില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് മയക്കുമരുന്ന് വേട്ടകള്‍ നടത്തി. ഇതിന്റെ മൂല്യം 892 കോടി രൂപ വരുമെന്നും കമ്മിഷന്‍ അറിയിച്ചു.
849.15 കോടി രൂപയും 814.85 കോടിയുടെ മദ്യവും 3,958.85 കോടിയുടെ മയക്കുമരുന്നും 1,260.33 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോളിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ 4,650 കോടി രൂപ പിടിച്ചെടുത്തതായി കമ്മിഷൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ആകെ പിടിച്ചെടുത്തത് 3,475 കോടിയായിരുന്നു.

Eng­lish Sum­ma­ry: Lok Sab­ha Elec­tions; 8,889 crore in cash and 3,958 crore in drugs were seized

You may also like this video

Exit mobile version