ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം 904 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 10.06 കോടി വോട്ടർമാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും.
ഉത്തർപ്രദേശ്, പഞ്ചാബ് 13 വീതം, പശ്ചിമ ബംഗാൾ ഒമ്പത്, ബിഹാർ എട്ട്, ഒഡിഷ ആറ്, ഹിമാചൽ പ്രദേശ് നാല്, ഝാർഖണ്ഡ് മൂന്ന്, ചണ്ഡീഗഢ് ഒന്ന് വീതം മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 904 സ്ഥാനാര്‍ത്ഥികളില്‍ 95 പേര്‍ വനിതകളാണ്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി 10.9 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 57 മണ്ഡലങ്ങളിലായി 5.24 കോടി പുരുഷവോട്ടർമാരും 4.82 കോടി സ്ത്രീ വോട്ടർമാരും 3574 ട്രാൻസ്ജെൻഡർ വോട്ടര്‍മാരുമുണ്ട്.
നരേന്ദ്ര മോഡിക്ക് പുറമെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ലാലുപ്രസാദ് യാദവിന്റെ മകൾ മിർസ ഭാരതി, ബോളിവുഡ് നടി കങ്കണ റണൗട്ട്, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
ഇതുവരെ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 486 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഏഴ് ഘട്ടങ്ങളുടെയും ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും.
English Summary:Lok Sabha Elections: Final Phase Today 57 Constituencies; 10.06 crore voters
You may also like this video