Site icon Janayugom Online

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം റാകിബുള്‍ ഹുസൈന്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ റാകിബുള്‍ ഹുസൈന്‍. അസമിലെ ധുബ്രി മണ്ഡലത്തില്‍ നിന്നും 10,12,476 വോട്ടുകളുടെ (10.12 ലക്ഷം) ഭൂരിപക്ഷത്തിനാണ് റാകിബുള്‍ വിജയിച്ചത്. മൂന്നുവട്ടം മണ്ഡലത്തിൽ ജയിച്ച എഐയുഡിഎഫ് നേതാവ് ബദ്ദറുദ്ദീൻ അജ്മലിനെയാണ് പരാജയപ്പെടുത്തിയത്. രാഖിബുൾ ഹുസൈന് 14,71,885 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബദ്ദറുദ്ദീൻ അജ്മല്‍ 4,59,409 വോട്ടിലൊതുങ്ങി, മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപിയുടെ ശങ്കര്‍ ലാല്‍വാനിയാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ഭാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് ഇന്‍ഡോര്‍.

സിറ്റിങ് എംപിയായ ശങ്കര്‍ ലാല്‍വാനി 10,08,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്‍ഡോര്‍ മണ്ഡലം നിലനിര്‍ത്തിയത്. 14 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്തെത്തിയത് നോട്ടയാണ്. 2,18,674 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ നോട്ടയ്ക്ക് കുത്താന്‍ പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഭൂരിപക്ഷത്തില്‍ മൂന്നാമത്. വിദിശയില്‍ നിന്നും 8,21,408 വോട്ടുകളുടെ (8.21 ലക്ഷം) ഭൂരിപക്ഷത്തിനാണ് ശിവരാജ് സിങ് ചൗഹാന്റെ വിജയം. ഗുജറാത്തിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സി ആര്‍ പാട്ടീലാണ് ഭൂരിപക്ഷത്തില്‍ ശിവരാജ് സിങ് ചൗഹാന് പിന്നിലുള്ളത്. ഗുജറാത്തിലെ നവസാരി മണ്ഡലത്തില്‍ നിന്നും 7,73,551 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാട്ടീലിന്റെ വിജയം. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികളില്‍ പാട്ടീലിന് പിന്നില്‍. ഗുജറാത്തിലെ ഗാന്ധിനഗറില്‍ 7,44,716 വോട്ടുകള്‍ക്കാണ് വിജയം. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടിയ അഭിഷേക് ബാനര്‍ജിയാണ് ഭൂരിപക്ഷത്തില്‍ ആറാമത്. 7,10,930 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി വിജയിച്ചത്. മധ്യപ്രദേശിലെ ഗുണയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഭൂരിപക്ഷത്തില്‍ അഭിഷേക് ബാനര്‍ജിക്ക് തൊട്ടുപിന്നില്‍. 5,40,929 വോട്ടുകള്‍ക്കാണ് സിന്ധ്യയുടെ വിജയം. ഗുജറാത്തില പഞ്ച്മഹലില്‍ നിന്നും ബിജെപിയുടെ രാജ്പാല്‍സിങ് മഹേന്ദ്രസിങ് യാദവ് 5,09,342 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

Eng­lish Summary:Lok Sab­ha Elec­tions; Rak­ibul Hus­sain has the high­est majority
You may also like this video

Exit mobile version