Site iconSite icon Janayugom Online

ലോകകേരള സഭ തുടങ്ങി; സമീപന രേഖ അവതരിപ്പിച്ചു

ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന്‌ തുടക്കമായി. കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.   രാവിലെ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വൈകിട്ടത്തേക്ക് മാറ്റുകയായിരുന്നു.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.

സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ. ഇരുദയ രാജന്‌ നൽകി പ്രകാശനം ചെയ്‌തു. ലോകകേരള സഭയുടെ സമീപന രേഖ അവതരണവും ലോക കേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഡോ. വി വേണു ലോകകേരള സഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

വീഡിയോ പ്രസന്റേഷനുകൾക്കും ആശംസാ സന്ദേശങ്ങൾക്കും ശേഷം എട്ട്‌ വിഷയാധിഷ്ഠിത ചർച്ചകളും ഏഴ്‌ മേഖലാ സമ്മേളനങ്ങളും നടന്നു. റവന്യൂ മന്ത്രി കെ രാജൻ, ജോൺ ബ്രിട്ടാസ് എംപി, കെ ടി ജലീൽ എംഎൽഎ, നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, കെ ജി സജി, ജോയിറ്റാ തോമസ്, ബാബു സ്റ്റീഫൻ, വിദ്യാ അഭിലാഷ്, ഗോകുലം ഗോപാലൻ, കെ വി അബ്ദുൾഖാദർ എന്നിവരായിരുന്നു പ്രിസീഡിയം അംഗങ്ങൾ. വ്യവസായികളായ എം എ യൂസഫലി, രവിപിളള, ആസാദ് മൂപ്പൻ എന്നിവർക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

റവന്യു മന്ത്രി കെ രാജൻ, ബാബു സ്റ്റീഫൻ, സി വി റപ്പായി, ഗോകുലം ഗോപാലൻ, അനീസ ബീവി, കെ പി മുഹമ്മദ് കുട്ടി, ജുമൈലത്ത് ആദം യൂനുസ്, ഇ വി ഉണ്ണികൃഷ്ണൻ, എ വി അനൂപ്, പുത്തൂർ റഹ്‌മാൻ, ജി കെ മേനോൻ, ബിജുകുമാർ വാസുദേവൻ പിള്ള എന്നിവർ സംസാരിച്ചു. എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, ഇ ടി ടൈസണ്‍, രാജ്യസഭാ സ്ഥാനാര്‍ത്ഥി പി പി സുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നാളെ രാവിലെ ഒമ്പതരയ്ക്ക് സഭ ആരംഭിക്കും. മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്‌, വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്‌ എന്നിവ നടക്കും. വൈകിട്ട് മുഖ്യമന്ത്രി ചർച്ചകൾക്ക്‌ മറുപടി പറയും. സ്പീക്കർ എ എൻ ഷംസീർ സമാപന പ്രസംഗം നടത്തും.

Exit mobile version