Site iconSite icon Janayugom Online

ലോകകേരള സഭയ്ക്ക് സമാപനം; പ്രതിപക്ഷം ബഹിഷ്കരിച്ചത് പ്രവാസികളെ: മുഖ്യമന്ത്രി

കേരളത്തിന്റെ വിശ്വജനാധിപത്യ വേദിയുടെ മൂന്നാം പതിപ്പിന് സമാപനം. കേരളത്തിന്റെ സാമ്പത്തിക‑സാമൂഹ്യ‑സാംസ്കാരിക വികസനത്തിന് പ്രവാസികളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഒരു പൊതുവേദി എന്നതായിരുന്നു ലോകകേരള സഭയിലൂടെ ലക്ഷ്യമിട്ടത്.

169 ജനപ്രതിനിധികൾ, 182 പ്രവാസികൾ എന്നിവരുൾപ്പെടെ 351 പേരായിരുന്നു സഭാംഗങ്ങള്‍. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസികള്‍ അവരുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും വിവിധ സെഷനുകളിലായി പങ്കുവച്ചു.

ഗാര്‍ഹികത്തൊഴിലാളിയും തയ്യല്‍ തൊഴിലാളിയും ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികളും മുതല്‍ അറിയപ്പെടുന്ന വ്യവസായികള്‍ വരെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളാണ് സഭയില്‍ പങ്കെടുത്തത്. വിമര്‍ശനങ്ങളും പരിഹാസങ്ങളും വ്യാപകമായപ്പോഴും പ്രവാസി സമൂഹം ലോകകേരള സഭയെ നെഞ്ചോടുചേര്‍ത്തുവെന്ന് തെളിയിക്കുന്നതായി രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍.

പ്രവാസികളെയാണ് പ്രതിപക്ഷം ബഹിഷ്കരിച്ചതെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിങ്ങളുടെ ഐക്യം സര്‍ക്കാരിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും മുന്നോട്ടുള്ള യാത്രയ്ക്ക് അത് കരുത്തുപകരുമെന്നും പ്രവാസികളോട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കര്‍ എം ബി രാജേഷ് അധ്യക്ഷനായി.

വ്യവസായ മന്ത്രി പി രാജീവ് സമീപന രേഖ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗം നടത്തി. സാമ്പത്തിക‑സാമൂഹ്യ‑സാംസ്കാരിക‑വിദ്യാഭ്യാസ രംഗങ്ങളുള്‍പ്പെടെ സമസ്ത മേഖലകളിലും ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മൂന്നാം ലോക കേരള സഭ സമ്മേളനം സമാപിക്കുന്നത്.

13 മണിക്കൂർ സഭാ നടപടികളിൽ ഒൻപതര മണിക്കൂറും വിവിധ വിഷയങ്ങളിലെ ചർച്ചയാണ് നടന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. 296 പ്രതിനിധികൾ പങ്കെടുത്തു. 237 പേർ മേഖലാതല ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

വിഷയാധിഷ്ഠിത ചർച്ചയിൽ 234 പേർ പങ്കെടുത്തു. പൊതുചർച്ചയിൽ 115 പ്രതിനിധികൾ സംസാരിച്ചു. 316 നിർദേശങ്ങൾ ഉയർന്നുവന്നു. ലോകകേരള സഭയുടെ സമീപന രേഖ ലോകകേരള സഭ വെബ്സൈറ്റിൽ ലഭ്യമാണെന്നും സ്പീക്കർ അറിയിച്ചു.

Eng­lish sum­ma­ry; Loka Ker­ala Sabha

You may also like this video;

Exit mobile version