ലോകനാർകാവ് ക്ഷേത്ര ഭൂമിയിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പിനും ലേല നടപടികൾക്കും ഹൈക്കോടതിയുടെ സ്റ്റേ. ചെമ്പൈ സംഗീത മണ്ഡപത്തിൽ പൊതു പരിപാടി നടത്തിയതിലും ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. ക്ഷേത്രഭൂമിയിലെ ചെമ്പൈ സംഗീത മണ്ഡപം ക്ഷേത്രാനുബന്ധ ചടങ്ങുകൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ക്ഷേത്ര ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടൂറിസം സംബന്ധമായ ഫ്ലക്സ്ബോർഡ് നീക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. വഴിയോര വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് സംബന്ധമായ ലേല നടപടികൾ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ക്ഷേത്രപരിസരത്ത് നിർമ്മിച്ച വിശ്രമ കേന്ദ്രം ക്ഷേത്ര മാനേജ് മെന്റിന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടത്. ഭക്തരുടെ പ്രയോജനത്തിനായിരിക്കണം വിശ്രമകേന്ദ്രത്തിന്റെ പരിപാലനമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

