Site iconSite icon Janayugom Online

ലോക്‌പാൽ ആഡംബര കാറുകൾ വാങ്ങുന്നു; 5 കോടി രൂപ മുടക്കി 7 ബിഎംഡബ്ല്യു കാറുകൾ, വ്യാപക വിമര്‍ശനം

സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും എതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന ലോക്‌പാൽ, ആഡംബര കാറുകൾ വാങ്ങുന്നു. 70 ലക്ഷം രൂപയോളം വില വരുന്ന ഏഴ് ബിഎംഡബ്ല്യു 3 സീരീസ് കാറുകൾ വാങ്ങുന്നതിനായി ലോക്‌പാൽ ടെൻഡർ നടപടികൾ ആരംഭിച്ചു. മൊത്തം അഞ്ച് കോടി രൂപയോളമാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. അഴിമതി വിരുദ്ധ സ്ഥാപനം തന്നെ ധൂർത്തിന്റെ മാതൃക സൃഷ്ടിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒക്ടോബർ 16നാണ് ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ചത്. ഡൽഹി വസന്ത് കുഞ്ജ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ ലോക്‌പാൽ ഓഫീസിലേക്കാണ് കാറുകൾ ആവശ്യം.
ലോങ് വീൽബേസുള്ള, വെള്ള നിറത്തിലുള്ള സ്പോർട് മോഡൽ ബിഎംഡബ്ല്യു 3 സീരീസ് 330 ലിറ്റർ കാറുകളാണ് വാങ്ങുന്നത്. ചെയർപേഴ്‌സണും ആറ് അംഗങ്ങളും ഉൾപ്പെടെ ഏഴ് പേർക്കായാണ് ഈ കാറുകൾ വാങ്ങുന്നത്.

ഏകദേശം 70 ലക്ഷം രൂപ ഓൺ‑റോഡ് വിലയുള്ള ഏഴ് കാറുകൾ വാങ്ങുമ്പോൾ അഞ്ച് കോടി രൂപയോളമാകും ചെലവാകുക.
വിഷയത്തിൽ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. “കാലങ്ങളോളം ആരെയും നിയമിക്കാതെ ഒഴിച്ചിട്ടുകൊണ്ടും, പിന്നീട് അഴിമതിയിൽ വിഷമിക്കാത്തവരും തങ്ങളുടെ ആഡംബരങ്ങളിൽ സന്തുഷ്ടരുമായ ദാസന്മാരെ നിയമിച്ചുംകൊണ്ട് മോഡി സർക്കാർ ലോക്‌പാലിനെ തവിടുപൊടിയാക്കി. അവരിപ്പോൾ അവർക്കായി 70 ലക്ഷത്തിന്റെ ബിഎംഡബ്ല്യു കാറുകൾ വാങ്ങുന്നു” എന്നാണ് അദ്ദേഹം എക്സിൽ വിമർശിച്ചത്.

Exit mobile version