Site iconSite icon Janayugom Online

കരുത്തുചോര്‍ന്ന് ലോക്പാല്‍ : ചെലവ് 60 കോടി; ഇതുവരെ ലഭിച്ചത് 1600 പരാതി

lokpallokpal

മൂന്ന് വർഷംകൊണ്ട് 60 കോടി ചെലവഴിച്ച ലോക്പാൽ ഓഫീസിൽ ഇതുവരെ ലഭിച്ചത് 1,600 ൽ താഴെ പരാതികൾ. മോഡി സർക്കാരിനു കീഴിൽ പരാതി തീർപ്പാക്കുന്നതിലെ സുതാര്യതയിൽ ആശങ്കയുള്ളതുകൊണ്ട് ഒരോ വർഷവും പരാതികൾ കുത്തനെ കുറഞ്ഞുവെന്ന് വിവരാവകാശ രേഖ. 2019‑ൽ സ്ഥാപിതമായ ഈ ഓഫീസിൽ ആദ്യവർഷം എത്തിയത് 1,427 പരാതികളാണ്. എന്നാൽ 2020–21ൽ ഇത് 110 ആയി കുറഞ്ഞു. 2021–22 ലെ ആദ്യ ആറുമാസത്തിനുള്ളിൽ വെറും 30 അപേക്ഷകളാണ് ലഭിച്ചത്.

ഈ സാഹചര്യത്തിൽ മുൻ കേന്ദ്ര വിവരാവകാശ കമ്മിഷണറും പൊതുപ്രവർത്തകനുമായ ശൈലേഷ് ഗാന്ധി ‘ലോക്പാൽ ഫലപ്രദമാക്കുക അല്ലെങ്കിൽ പിരിച്ചുവിടുക’ എന്ന കാമ്പയിൻ ആരംഭിച്ചു. ഓരോ വർഷവും ഓഫീസിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം കുത്തനെ കുറയുന്നത് അപേക്ഷകൊണ്ട് കാര്യമായ ഫലം ലഭിക്കില്ല എന്ന തോന്നലുണ്ടായതുകൊണ്ടാണെന്ന് ശൈലേഷ് ഗാന്ധി പറയുന്നു.

2013ലെ ലോക്പാൽ, ലോകായുക്ത ആക്ട് പ്രകാരം പൊതുപ്രവർത്തകർക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനാണ് ലോക്പാൽ സ്ഥാപിച്ചത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രി, പാർലമെന്റ് അംഗം, എ, ബി, സി, ഡി ഗ്രൂപ്പുകളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ലോക്പാലിന് അധികാരമുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളായ ബോർഡ്, കോർപറേഷൻ, സൊസൈറ്റി, ട്രസ്റ്റ് അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനം എന്നിവയുടെ ചെയർപേഴ്‍സൺമാർ, അംഗങ്ങൾ, ഓഫീസർമാർ, ഡയറക്ടർമാർ എന്നിവരും പരിധിയിൽ വരും.

ലോക്പാൽ നിയമം 2013 ഡിസംബറിൽ പാർലമെന്റ് പാസാക്കുകയും ജനുവരി ഒന്നിന് ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും ചെയ്തു. 2014 ൽ അധികാരത്തിലെത്തിയ മോഡി സർക്കാർ ലോക്പാലിനെയും നിയമിക്കാൻ താല്പര്യപ്പെട്ടില്ല. പിന്നീട് ഭേദഗതി ബില്ലിലൂടെ മോഡി സർക്കാർ യഥാർത്ഥ നിയമത്തിൽ വെള്ളം ചേർത്തു. പൊതുപ്രവർത്തകരുടെ ഭാര്യമാരുടെയും ആശ്രിതരായ കുട്ടികളുടെയും ആസ്തികളും ബാധ്യതകളും പരസ്യമാക്കാനുള്ള നിയമപരമായ വ്യവസ്ഥയെ ഭേദഗതി നിയമം വഴി ഇല്ലാതാക്കി. 2018 ജൂലൈയിൽ ഒരു ഓംബുഡ്സ്മാനെ നിയമിക്കുന്നതിനുള്ള നടപടികളിൽ സർക്കാരിന്റെ നിലപാടിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു.

മോഡി സർക്കാരിന്റെ ആദ്യ 45 മാസങ്ങളിൽ ലോക്പാൽ സെലക്ഷൻ കമ്മിറ്റിയുടെ ഒരു യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷനായിരുന്നില്ല എന്ന് പൊതുപ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ വ്യക്തമായിരുന്നു. ആ സമയത്ത് സെർച്ച് കമ്മിറ്റിയുടെ ഒരു യോഗവും വിളിച്ചിട്ടില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആന്റ് ട്രെയിനിങ്ങും (ഡിഒപിടി) വെളിപ്പെടുത്തിയിരുന്നു.

 

Eng­lish Sum­ma­ry: Lok­pal: Rs 60 crore spent; So far 1600 com­plaints have been received

 

You may like this video also

Exit mobile version