ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. വിവിധ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്ററിലേറെ പ്രഹരശേഷിയുണ്ട്. സൈനിക ശേഷിയില്‍ ഇന്ത്യയ്ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇതൊരു ചരിത്ര നിമിഷമാണ്. ഈ നേട്ടത്തോടെ നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും ചേര്‍ന്നെന്ന് പ്രതിരോധ മന്ത്രി എക്സില്‍ കുറിച്ചു.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഹൈദരാബാദിലെ ഡോ. എപിജെ അബ്ദുല്‍ കലാം മിസൈല്‍ കോംപ്ലെക്സുമായി ചേര്‍ന്നാണ് മിസൈല്‍ തദ്ദേശീയമായി വികസിപ്പിച്ചത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ടീമിനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര പ്രതിരോധ സെക്രട്ടറി, ഡിആര്‍ഡിഒ ചെയര്‍മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍. സെക്കന്‍ഡില്‍ ഒന്ന് മുതല്‍ അഞ്ച് മൈല്‍ ദൂരം പിന്നിടാനാകും. പരമ്പരാഗത സ്ഫോടകവസ‍്തുക്കളോ, ആണവ പോര്‍മുനകളോ വഹിക്കാന്‍ ശേഷിയുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് മണിക്കൂറില്‍ ഏകദേശം 1,220 കിലോമീറ്റര്‍ വേഗതയില്‍ പറക്കാനാകും.