Site iconSite icon Janayugom Online

ഇന്ത്യയിൽ കുരുക്ക്, യുകെയിൽ ഗ്രീൻ സിഗ്നൽ; ജനനായകന് പ്രദർശന അനുമതി നൽകി ബി ബി എഫ് സി

പൊങ്കൽ റിലീസായി ജനുവരി 9ന് തിയറ്ററുകളിൽ എത്താനിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ ഇന്ത്യൻ സെൻസർ ബോർഡിന്റെ കുരുക്കിൽ തുടരുമ്പോഴും ചിത്രത്തിന് വിദേശത്ത് ഗ്രീൻ സിഗ്നൽ. യുകെയിലെ സെൻസർ ബോർഡായ ബി ബി എഫ് സി ചിത്രത്തിന് പ്രദർശന അനുമതി നൽകി. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ ചിത്രത്തിന് ‘15’ റേറ്റിംഗാണ് നൽകിയിരിക്കുന്നത്. കടുത്ത ഭാഷാപ്രയോഗങ്ങൾ, നിരന്തരമായ അക്രമ ദൃശ്യങ്ങൾ, ലൈംഗികത, ലഹരിമരുന്നിന്റെ ദുരുപയോഗം എന്നിവ സിനിമയിലുള്ളതിനാലാണ് ഈ റേറ്റിംഗ്. ഇതുപ്രകാരം 15 വയസ്സിന് താഴെയുള്ളവർക്ക് യുകെയിലെ തിയറ്ററുകളിൽ ഈ ചിത്രം കാണാനാവില്ല. യുകെ വിപണിയിൽ ചിത്രം റിലീസ് ചെയ്യാൻ ഇതോടെ തടസ്സങ്ങൾ നീങ്ങി.

അതേസമയം, ഇന്ത്യയിലെ സെൻസർ സർട്ടിഫിക്കറ്റിനായുള്ള നിയമപോരാട്ടം മദ്രാസ് ഹൈക്കോടതിയിൽ തുടരുകയാണ്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപേ റിലീസ് തീയതി പ്രഖ്യാപിച്ചതിനെ സി ബി എഫ് സി കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് നിർമ്മാതാക്കളുടെ വാദം. റീ-എക്സാമിനേഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി സെൻസർ ബോർഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഇന്ന് (ജനുവരി 7) ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Exit mobile version