Site iconSite icon Janayugom Online

അമിതവണ്ണം കുറയ്ക്കാം ഹൃദയാരോഗ്യത്തിനായി

heartheart

ഒരു വ്യക്തിയെ ഹൃദയാഘാതത്തിലേക്കോ (ഹാർട്ട് അറ്റാക്ക്) ഹൃദയപരാജയത്തിലേക്കോ (ഹാർട്ട് ഫെയിലർ) നയിക്കാവുന്ന ഒരു സുപ്രധാന അപകടസാധ്യതാ ഘടകമായാണ് അമിതവണ്ണത്തെ കണക്കാക്കുന്നത്. അമിതവണ്ണം മൂലം രക്തസമ്മർദം, പ്രമേഹം, ചീത്ത കൊളസ്ട്രോൾ എന്നിവ വർധിക്കുന്നു. ഹൃദ്രോഗത്തിന് പുറമെ, ചില കാൻസറുകൾ, ശ്വാസംമുട്ടൽ, കാല്‍മുട്ടുതേയ്മാനം, വിഷാദം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ അമിതവണ്ണംകൊണ്ട് വരാൻ ഏറെ സാധ്യതയുണ്ട്.

വണ്ണം കുറയ്ക്കാനുള്ള പ്രധാന മാർഗങ്ങൾ ശരീരത്തിലേക്ക് അമിതമായി കലോറി എത്താതിരിക്കുക (ഭക്ഷണത്തിലൂടെ) എന്നതും കൂടുതൽ കലോറി ഉപയോഗിക്കുക (വ്യായാമം വഴി) എന്നതുമാണ്. ‘വെളുത്ത നിറമുള്ള വിഷം’ എന്നാണ് പഞ്ചസാരയെ വിളിക്കുന്നത്. പഞ്ചസാരയും ശർക്കരയും ഒഴിവാക്കുക (മധുരപലഹാരങ്ങൾ, മിഠായികൾ, മധുരം ചേർത്ത ജ്യൂസുകൾ), എണ്ണയും കൊഴുപ്പുമടങ്ങിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ കുറയ്ക്കുക, കഴിക്കുന്ന കാർ ബോ ഹൈഡ്രേറ്റ്സിന്റെ അളവ് കുറയ്ക്കുക, കലോറി അളവ് കുറഞ്ഞ ഓട്സ് പോലുള്ള ധാന്യങ്ങൾക്ക് പ്രാധാന്യം നൽകുക, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, സാലഡുകൾ, പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ‑സോയ, പയർവർഗങ്ങൾ, മുട്ടയുടെ വെള്ള, ചെറിയ മത്സ്യങ്ങൾ തുടങ്ങിയവ കഴിക്കുക, പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കുക എന്നിങ്ങനെ ആഹാരം ക്രമീകരിക്കാം.
ചിട്ടയായ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. പ്രായപൂർത്തിയായ ഒരു വ്യക്തി കുറഞ്ഞത് ദിവസേന 30 മിനിറ്റ് വച്ച് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം എന്ന് വിവിധ ഹൃദയാരോഗ്യ സംഘടനകൾ നിർ‌ദേശിക്കുന്നു. കുട്ടികളെ ചെറുപ്പം മുതൽ വ്യായാമം ചെയ്യിക്കാൻ ശീലിപ്പിക്കുക. മരുന്നുകൾ മാത്രമല്ല അമിതവണ്ണത്തിനുള്ള ചികിത്സയെന്ന് മനസിലാക്കുക. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതിയും സംയോജിക്കുമ്പോൾ മാത്രമേ നിർദേശിച്ച ചികിത്സ ഉദ്ദേശിച്ച ഫലം കാണുകയുള്ളൂ. 

ഡോക്ടറുടെ നിർദേശമില്ലാതെ ഓവർ ദി കൗണ്ടർ ആയി അമിതവണ്ണത്തെ ചെറുക്കാം എന്ന പേരിലുള്ള ഉല്പന്നങ്ങൾ വാങ്ങി സ്വയംചികിത്സ നടത്തുന്നത് അപകടകരമാണ്. അതുപോലെ സമൂഹമാധ്യമങ്ങളിൽ കാണുന്ന ഡയറ്റുകളും ഒറ്റമൂലികളും സ്വീകരിക്കുന്നത് ഗുണത്തെക്കാളേറെ ആരോഗ്യത്തിന് ദോഷം ചെയ്തേക്കും. മേല്പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടും ഒരുതരത്തിലും കുറയ്ക്കാൻ പറ്റാത്ത അമിതവണ്ണക്കാർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ബരിയാട്രിക് ശസ്ത്രക്രിയയോ, മറ്റു നൂതന മാർഗങ്ങളോ വഴി കുറയ്ക്കാവുന്നതാണ്. ഓർക്കുക, അമിതവണ്ണം കുറയ്ക്കാൻ കുറുക്കുവഴികളില്ല, ഹൃദയാരോഗ്യത്തിനും.

Exit mobile version