Site iconSite icon Janayugom Online

ജി20 ലോഗോയിലെ താമര ഞെട്ടിപ്പിക്കുന്നത്: ഇത് ബിജെപിയുടെ സ്വയം പുകഴ്ത്തല്‍

ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ലോഗോയില്‍ താമര ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ബിജെപി നാണമില്ലാതെ സ്വയം പുകഴ്ത്തല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചു.

ഇതിന് സമാനമായ ഒരു നീക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നിരസിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു. “70 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പതാക ഇന്ത്യയുടെ ദേശീയ പതാകയാക്കാൻ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ജി20 പങ്കാളിത്തത്തിലെ ഔദ്യോഗിക ലോഗോ ആയിരിക്കുന്നു. മോദിക്കും ബിജെപിക്കും സ്വയം പുകഴ്ത്താൻ യാതൊരു നാണവുമില്ലെങ്കിലും ഇത് ഞെട്ടിപ്പിക്കുന്നതാണ്” അദ്ദേഹം പറഞ്ഞു.

കമല്‍ നാഥില്‍ നിന്നും നിങ്ങള്‍ കമല്‍(താമര) നീക്കം ചെയ്യുമോ എന്ന് തിരിച്ചടിക്കുകയാണ് ബിജെപി ചെയ്തത്. “താമര രാജ്യത്തിന്റെ ദേശീയ പുഷ്പമാണ്. മഹാലക്ഷ്മിയുടെ ഇരിപ്പിടമാണ് അത്. നിങ്ങള്‍ ദേശീയ പുഷ്പത്തെ എതിര്‍ക്കുമോ? കമല്‍ നാഥിന്റെ പേരില്‍ നിന്നും നിങ്ങള്‍ കമല്‍ നീക്കം ചെയ്യുമോ? കൂടാതെ രാജീവ് എന്നാല്‍ താമര എന്നാണ് അര്‍ത്ഥം. ഇതില്‍ നിങ്ങള്‍ അജണ്ട കാണില്ലെന്ന് പ്രതീക്ഷിക്കുന്നു.” ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല തന്റെ ട്വീറ്റില്‍ പറഞ്ഞു.

ഇതിനിടെ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലെത്തുന്ന ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിലെ പരമ്പരാഗത കരകൗശല വസ്തുക്കളാണ് സമ്മാനിക്കുക. ചമ്പയിലെ റമാൽ, കാൻഗ്രയിലെ മിനിയേച്ചർ പെയിന്റിംഗുകൾ, കിന്നൗരി ഷാൾ, ഹിമാചലി മുഖത്തെ, കുളു ഷാൾ, കനാൽ ബ്രാസ് സെറ്റ് തുടങ്ങിയവയാണ് സമ്മാനങ്ങള്‍. ഹിമാചല്‍ പ്രദേശിലെ ടൂറിസത്തെയും കരകൗശല വസ്തുക്കളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

Eng­lish Sum­mery: Lotus In G20 Logo Shock­ing, Says Congress
You may also like this video too

Exit mobile version