Site iconSite icon Janayugom Online

പാട്ടിലെ പ്രണയം യാഥാർത്ഥ്യമാകുന്നു; റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നു

പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഫെബ്രുവരി 24ന് തൃശൂരിൽ വെച്ചാണ് വിവാഹം നടക്കുക. കണ്ണൂർ ധർമ്മശാലയിൽ നടക്കുന്ന സർക്കാരിന്റെ ഹാപ്പിനസ് ഫെസ്റ്റിവലിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹവാർത്ത ആദ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ വേടനെ എം വി ഗോവിന്ദൻ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹം വിവാഹക്കാര്യം സൂചിപ്പിച്ചത്. തുടർന്ന് വേടൻ തന്നെ വാർത്ത സ്ഥിരീകരിച്ചു. “മാഷ് പറഞ്ഞതുപോലെ 24-ാം തീയതി ഞാൻ റജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്. ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” വേടൻ പറഞ്ഞു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം സ്വീകരിക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും മറ്റ് പൊതുവേദികളിലും വേടനൊപ്പം നവമി എത്താറുണ്ടായിരുന്നു. 2025ൽ പുറത്തിറങ്ങിയ വേടന്റെ പ്രശസ്തമായ ‘മോണലോവ’ എന്ന ഗാനം തന്റെ കാമുകിക്കുള്ള സമ്മാനമാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാമുകിയെ മോണലോവ അഗ്നിപർവ്വതത്തോട് ഉപമിച്ചെഴുതിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
2020ൽ പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്’ എന്ന സംഗീത വീഡിയോയിലൂടെയാണ് വേടൻ ശ്രദ്ധേയനായത്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. ‘ഭൂമി ഞാൻ വാഴുന്നിടം’, ‘എണ്ണക്കറുപ്പി’ തുടങ്ങിയ ആൽബങ്ങളും ഹിറ്റുകളാണ്.

Exit mobile version