Site icon Janayugom Online

പ്രണയം വിസ്മയമായി; വിജയവഴികൾ തീർത്ത് ഗ്രീഷ്മയും അമേഷും

പ്രണയം വിസ്മയമായി മാറിയപ്പോൾ ജീവിതത്തിൽ വിജയ വഴികൾ തീർത്ത് ദമ്പതികളുടെ മാതൃക. പ്രകൃതിയൊരുക്കുന്ന കലവറയില്ലാത്ത വിസ്മയങ്ങളിൽ പ്രമുഖ സ്ഥാനം പ്രണയത്തിനുണ്ടെന്ന് തെളിയിക്കുകയാണ് അമേഷ് ‑ഗ്രീഷ്മ ദമ്പതികൾ. ചേർത്തല തെക്കെ പുത്തേഴത്ത് അരവിന്ദാക്ഷ പിള്ളയുടെയും കമലാക്ഷി അമ്മയുടെയും മകൻ അമേഷി(29) ന് ജന്മനാ അരയ്ക്ക് താഴെ തളർന്ന അവസ്ഥയാണ്. എന്നാൽ മറ്റ് കുറവുകൾ ഒന്നും വരുത്താതെ കമലാക്ഷി അമ്മ അമേഷിനെ പ്ലസ് ടു വരെ പഠിപ്പിച്ചു. പിതാവിന്റെ മരണശേഷം വരുമാനം നിലച്ചതോടെ ചേർത്തല പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ആഞ്ഞലിപ്പാലം ലെവൽ ക്രോസിന് സമീപം ലോട്ടറി കച്ചവടം തുടങ്ങി. ലോക്കോമോട്ടർ ഡിസിബലറ്റി എന്ന രോഗം ബാധിച്ചാണ് ശരീരം അരയ്ക്ക് താഴെ തളർന്ന് പോയത്.

എന്നാലും ട്യൂഷൻ, മോട്ടിവേഷൻ ക്ലാസ്സ്, സ്വയം തൊഴിൽ പരിശീലനം എന്നിങ്ങനെ കുറവുകളെ നിറവുകളിൽ എത്തിക്കുന്നതാണ് അമേഷിന്റെ വീൽചെയർ ജീവിതം. ഭാഗ്യക്കുറി കച്ചവടത്തിനിടെ ഫേസ്‌ബുക്കിൽ കണ്ട തൃശൂർ സ്വദേശി പെൺകുട്ടി തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അമേഷ് കരുതിയില്ല. അമേഷിന്റെ അവസ്ഥകൾ ഗ്രീഷ്മയോട് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും പിന്മാറാതെ പ്രണയം ഒരു വർഷത്തോളം തുടർന്നു.

2016 ഏപ്രിൽ രണ്ടിന് ഗ്രീഷ്മയുടെ കഴുത്തിൽ ചേർത്തല കളവംകോടം ക്ഷേത്രത്തിൽ വച്ച് അമേഷ് താലി ചാർത്തിയതോടെ എല്ലാ അതിരുകളും പ്രണയത്തിൽ അലിഞ്ഞില്ലാതായി. അമ്മയുടെ കരങ്ങളിൽ നിന്നും അമേഷിനെ ജീവിതത്തിലേക്ക് ഗ്രീഷ്മ ഏറ്റെടുത്തതോടെ ഇരുവരുടെ ജീവിതവും മാറി മറിഞ്ഞു. ഭാഗ്യക്കുറി വിറ്റു കിട്ടുന്ന ലാഭം കൂട്ടിവച്ച് അമേഷ് ഒരു കമ്പ്യൂട്ടർ വാങ്ങി. സുഹൃത്തുക്കളോട് ചോദിച്ച് മനസിലാക്കി കമ്പ്യൂട്ടർ പഠിച്ചതോടെ ഭാഗ്യക്കുറിക്കട പിന്നീട് അക്ഷയ കേന്ദ്രമായി മാറി. മറ്റ് യാത്രാ ആവശ്യങ്ങൾക്കായി ഓട്ടോറിക്ഷയെ ആശ്രയിച്ചിരുന്ന അമേഷ് ഗ്രീഷ്മയെ കാർ ഡ്രൈവിങ് പഠിപ്പിച്ച് കാറും വാങ്ങിയതോടെ വൈകല്യവും കുറവുകളും കാറ്റിൽ പറത്തി ദമ്പതികൾ ജീവിതത്തിൽ വിജയ യാത്രയുടെ പടികൾ കയറാൻ ആരംഭിച്ചു. മനക്കരുത്തിന് മുന്നിൽ വൈകല്യം ഒന്നിനും തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ.

eng­lish summary;Love is amaz­ing; greesh­ma and Amesh are the way to success

you may also like this video;

Exit mobile version