ജീവന്റെ വിലയുണ്ട് ചാത്തമംഗലം വെള്ളനൂരിലെ പുൽപ്പറമ്പിൽ സ്നേഹപ്രഭ എന്ന 60കാരിയുടെ കരുതലിന്. ഓരോ വർഷക്കാലത്തും രൗദ്രഭാവം പൂണ്ട് നിരവധി ജീവനുകളെ ആഴത്തിലേക്ക് വലിച്ചെടുത്ത ചെറുപുഴയിലെ സങ്കടക്കാഴ്ചകളാണ് സ്നേഹപ്രഭയെ പതിനാല് വർഷമായി നീന്തൽ പരിശീലകയുടെ റോളിലേക്കെത്തിച്ചത്. ഒട്ടേറെപ്പേര്‍ മുങ്ങിമരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞതോടെ നീന്തലില്‍ മികച്ച പരിശീലനം നല്‍കാന്‍ സ്വന്തമായി മികച്ചൊരു നീന്തല്‍ പരിശീലനകേന്ദ്രവുമണ്ടാക്കുകയായിരുന്നു. ചെറുപ്പം മുതലേ നീന്തൽ വശമുണ്ടായിരുന്നെങ്കിലും മറ്റെവിടെയും നീന്താനൊന്നും പോകാറില്ലായിരുന്നു സ്നേഹപ്രഭ. എന്നാൽ ടെയ്‌ലറിങ് ജോലികൾക്കിടയിൽ ഇരുകൈകൾക്കും വേദന വന്നപ്പോൾ നാട്ടിലെ ഡോക്ടറെ കാണിച്ചു. നീന്താനായിരുന്നു ഡോക്ടർ നിർദേശിച്ചത്. നാട്ടിലെ ചെറിയ കുളത്തിൽ നീന്തിത്തുടങ്ങിയപ്പോള്‍ കൗതുകം പൂണ്ട് കൂടെക്കൂടിയവർക്ക് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു. ഇന്ന് സ്നേഹപ്രഭ അക്കാദമി എന്ന പേരിൽ നീന്തൽ അക്കാദമി സ്ഥാപിക്കുന്നതിലേക്കും വിവിധ പ്രായത്തിലുള്ള നാലായിരത്തോളം പേരെ നീന്തൽ പഠിപ്പിക്കുന്നതിലേക്കും സ്നേഹപ്രഭ എന്ന അമ്മയെത്തി.
രാവിലെ ആറര മുതൽ വൈകിട്ട് ആറ് വരെയാണ് പരിശീലനം. ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർക്ക് നീന്തൽ പരിശീലിപ്പിക്കുന്നതിൽ പ്രത്യേക വൈഭവമുണ്ട് സ്നേഹപ്രഭയ്ക്ക്. പ്രദേശത്തെ ബിആർസികൾക്ക് കീഴിലുള്ള ഭിന്നശേഷിക്കാരെയെല്ലാം ഇതിനോടകം നീന്തൽ പരിശീലിപ്പിച്ചു. ഏത് ആഴമേറിയ വെള്ളത്തിലും നീന്തിത്തുടിക്കുന്നതിനും ശ്വാസം പിടിച്ച് മുങ്ങിനിൽക്കുന്നതിനും വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്നതിലും പ്രത്യേകം പരിശീലനം നൽകുന്നുണ്ട്.
സ്വന്തമായി ആധുനിക സൗകര്യങ്ങളുള്ള നീന്തല്‍ കുളമുണ്ടാക്കിയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഈ മാതൃദിനത്തിലും മാതൃസ്നേഹത്തോടെ ചേർത്തുനിർത്തിയുള്ള സ്നേഹപ്രഭ എന്ന അമ്മയുടെ പരിശീലന മികവിൽ ധാരാളം പേർ വെള്ളത്തെ തോൽപ്പിക്കും.
English Summary:Love is the light of life on Mother’s Day
You may also like this video