യുവതിയുമായുള്ള പ്രണയം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും മകനെ പുറത്താക്കി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ആറു വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമെന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു കാരണമായി ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ”എന്റെ മൂത്ത മകന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും ബന്ധങ്ങളും മറ്റു പ്രവൃത്തികളും ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കോ പാരമ്പര്യത്തിനോ അനുസരിച്ചല്ല. അതു കൊണ്ട് ഞാനവനെ പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും നീക്കം ചെയ്യുന്നു. ഈ നിമിഷം മുതൽ അവന് പാർട്ടിയിലോ കുടുംബത്തിലോ യാതൊരു വിധമുള്ള പ്രാധാന്യവുമുണ്ടായിരിക്കില്ല”-ലാലു എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് 37 വയസ്സുകാരനായ തേജ് പ്രതാപ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെയാണ് തേജ് പ്രതാപ് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ, തന്നെ വീട്ടിൽനിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങി. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിജ്ഞയെടുത്ത്, ഐശ്വര്യയുടെ പിതാവ് മുൻ മന്ത്രി കൂടിയായ ചന്ദ്രിക റോയ് ആർജെഡി വിട്ടു.

