Site iconSite icon Janayugom Online

കുറഞ്ഞ ലേലക്കാരന്‍ അഡാനി; ബംഗളൂരു ടണൽ റോഡ് പദ്ധതിയിൽ പ്രതിസന്ധിയിലായി കർണാടക സർക്കാർ

കർണാടക രാഷ്ട്രീയത്തിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതുറന്ന് ബംഗളൂരു ടണൽ റോഡ് പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ ബൃഹദ് പദ്ധതിയുടെ ടെണ്ടറിൽ അഡാനി ഗ്രൂപ്പ് ഏറ്റവും കുറഞ്ഞ തുക (L1) രേഖപ്പെടുത്തിയതോടെയാണ് ഭരണകക്ഷിയായ കോൺഗ്രസ് പ്രതിസന്ധിയിലായത്. ദേശീയതലത്തിൽ അഡാനി ഗ്രൂപ്പിനെതിരെ കടുത്ത വിമർശനം ഉയർത്തുന്ന കോൺഗ്രസ് നേതൃത്വത്തിന്, കർണാടകയിലെ സ്വന്തം സർക്കാർ അഡാനിക്ക് കരാർ നൽകുന്നത് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

പദ്ധതിയെ ആദ്യം മുതൽ എതിർത്തിരുന്ന ബിജെപി, കരാർ അഡാനി ഗ്രൂപ്പിലേക്ക് എത്തിയതോടെ മൗനം പാലിക്കുകയാണെന്ന് വിമർശകർ പറയുന്നു. അതേസമയം, അഡാനിക്ക് കരാർ നൽകിയാൽ കോൺഗ്രസിന്റെ ദേശീയ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകേണ്ട പദ്ധതി, ഇപ്പോൾ രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങളുടെ പോരാട്ടവേദിയായി മാറിയിരിക്കുകയാണ്. അഡാനിയെ ഒഴിവാക്കി മറ്റ് കമ്പനികൾക്ക് കരാർ നൽകുമോ അതോ സാമ്പത്തിക താല്പര്യങ്ങൾക്ക് മുൻഗണന നൽകുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ചു എന്നത് കൊണ്ട് മാത്രം ഒരു കമ്പനിക്ക് കരാർ നൽകാൻ സർക്കാർ ബാധ്യസ്ഥരല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടാറ്റ സെല്ലുലാർ, ജഗദീഷ് മണ്ഡൽ തുടങ്ങിയ കേസുകളിൽ, ടെണ്ടർ നടപടികളിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിന് വിവേചനാധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തുറമുഖം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ അഡാനി ഗ്രൂപ്പിന് വലിയ സാന്നിധ്യമുണ്ടെങ്കിലും തുരങ്ക റോഡ് നിർമ്മാണത്തിൽ അവർക്ക് മുൻപരിചയമില്ല എന്നത് കരാർ നൽകാതിരിക്കാൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയേക്കാം. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും കർണാടകയിലെ പ്രധാന നിക്ഷേപകരിൽ ഒന്നാണ് അഡാനി ഗ്രൂപ്പ്. ഏകദേശം 20,000 കോടിയിലധികം രൂപ ഇതിനകം സംസ്ഥാനത്ത് നിക്ഷേപിച്ചിട്ടുണ്ട്. സിമന്റ്, വിമാനത്താവളങ്ങൾ, പുനരുപയോഗ ഊർജ്ജം, ഭക്ഷ്യ എണ്ണ (അഡാനി വിൽമർ) എന്നീ മേഖലകളിൽ ഇവർക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഉഡുപ്പി താപവൈദ്യുത നിലയത്തിന്റെ വികസനത്തിനായി 11,500 കോടി രൂപയുടെ അധിക നിക്ഷേപം ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2022 മുതൽ 2029 വരെയുള്ള കാലയളവിൽ കർണാടകയിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അഡാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 

Exit mobile version