Site icon Janayugom Online

പാചകവാതകം: സബ്സിഡി പിന്‍വലിച്ച് കേന്ദ്രം കൊള്ളയടിച്ചത് 20000 കോടി

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ സബ്സിഡി നിർത്തലാക്കിയിട്ട് 15 മാസം പിന്നിടുന്നു. ഈയിനത്തിൽ കഴിഞ്ഞ ഡിസംബർ ആദ്യവാരം വരെ കേന്ദ്രസർക്കാർ കൈയ്ക്കലാക്കിയത് 20, 000 കോടി രൂപയ്ക്കു മുകളിലാണ്. അതിനു ശേഷമുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ വർഷം ജൂൺ മുതലാണ്, പ്രത്യേക ഉത്തരവോ കാരണമോ ഇല്ലാതെ സബ്സിഡി പൊടുന്നനെ നിർത്തലാക്കിയത്. എന്നാൽ, അതിനു മുമ്പുതന്നെ അനേകം കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. സബ്സിഡിയുള്ള വാതകത്തിന്റെയും ഇല്ലാത്തതിന്റെയും നിരക്ക് തുല്യ നിലയിൽ വന്നപ്പോഴാണ് ജൂണിൽ സബ്സിഡി നിർത്തലാക്കിയത്. ആനുകൂല്യത്തിൽ ആശ്വാസം കണ്ടിരുന്ന വലിയ വിഭാഗം ജനങ്ങൾക്ക് അത് ഇരുട്ടടിയായി. ഭർത്താവിനും ഭാര്യയ്ക്കും കൂടിയുള്ള വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ കവിയാത്ത 26 ലക്ഷം കുടുബങ്ങൾക്കാണ് 157 രൂപ സബ്സിഡിയിൽ പാചകവാതകം നൽകിയിരുന്നത്.

2020–21 ൽ പെട്രോളിയം സബ്സിഡിയായി ബജറ്റിൽ വകയിരുത്തിയിരുന്നത് 40, 915 കോടി രൂപയാണ്. ഈ സാമ്പത്തിക വർഷം അത് 14,000 കോടിയായി കുത്തനെ ഇടിഞ്ഞു. അപ്പോൾ മുതൽ പാചകവാതക സബ്സിഡിയുടെ കാര്യത്തിൽ താളപ്പിഴ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ജൂൺ മാസമായതോടെ പൂർണ്ണമായി വിതരണം നിലയ്ക്കുകയും ചെയ്തു. ഈ ചുവടുപിടിച്ച് നിലവിലുള്ള ഭക്ഷ്യ- രാസവളം സബ്സിഡി കൂടി നിർത്തലാക്കുമോ എന്ന ആശങ്ക ശക്തമാണ്. പാചക വാതക സബ്സിഡി പിൻവലിച്ചതിലൂടെ ആറു മാസം കൊണ്ടു മാത്രം കൈയ്ക്കലാക്കാനായ സംഖ്യയുടെ വലുപ്പം ഇക്കാര്യത്തിൽ കേന്ദ്രത്തിനു പ്രേരണയാണ്. ഭക്ഷ്യ സബ്സിഡിയായി രണ്ടര ലക്ഷം കോടി രൂപയും രാസവളം സബ്സിഡിയായി 8000 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.

പാചക വാതക സബ്സിഡി നിർത്തലാക്കിയതോടെ പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള ആനുകൂല്യം ഏതാണ്ട് പൂർണ്ണമായിത്തന്നെ ഇല്ലാതായി. ബിപിഎൽ കാർഡുകർക്ക് റേഷൻ കടവഴി മൂന്നു മാസത്തിലൊരിക്കൽ വിതരണം ചെയ്യുന്ന നാമമാത്രമായ മണ്ണെണ്ണയുടെ വിലയും കൂടിയിട്ടുണ്ട്.

Eng­lish sum­ma­ry; LPG: Cen­ter loot­ed Rs 20,000 crore by with­draw­ing subsidy

you may also like this video;

Exit mobile version