Site iconSite icon Janayugom Online

ലക്കി ബിൽ ആപ്പ്: സമ്മാനങ്ങള്‍ വിതരണം ചെയ്തു; സാധനങ്ങൾ വാങ്ങിയ കടകളിലെ വ്യാപാരികൾക്കും ഉപഹാരങ്ങൾ

lucky billlucky bill

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നാലുമാസം മുമ്പ് ആവിഷ്കരിച്ച് നടപ്പാക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് സമ്മാന പദ്ധതിയിലെ ജേതാക്കൾക്കും വ്യാപാരികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ 25 ലക്ഷം രൂപയുടെ ഓണം ബമ്പർ സമ്മാനം ഉൾപ്പെടെ വിതരണം ചെയ്തു. നാല് മാസം മുമ്പ് പുറത്തിറക്കിയ ആപ്പ് മുഖേന 7.5 ലക്ഷം ബില്ലുകളാണ് ഇതുവരെ അപ്‌ലോഡ്‌ ചെയ്തത്. ബീന എം ജോസഫ് ആണ് ഓണം ബമ്പർ വിജയി. 10 ലക്ഷം രൂപയുടെ സെപ്റ്റംബർ, ഒക്ടോബര്‍ മാസത്തിലെ വിജയികളായ സുനിതാ ശേഖറും സുനിൽകുമാർ പി എമ്മും മന്ത്രിയില്‍ നിന്ന് ചെക്കുകൾ ഏറ്റുവാങ്ങി. ഇവർ സാധനങ്ങൾ വാങ്ങിയ കടകളിലെ വ്യാപാരികൾക്കും ഉപഹാരങ്ങൾ കൈമാറി. 

ലക്കി ബിൽ മൊബൈൽ ആപ്പ് കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ബാലഗോപാൽ പറഞ്ഞു. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും സംസ്ഥാന സർക്കാരിനും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ലക്കി ബിൽ മൊബൈൽ ആപ്പെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ലക്കി ബിൽ ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയ ഫീച്ചറുകളായ ബിൽ ലോക്കർ, റഫറൽ കോഡ്, കൂടുതൽ ബില്ലുകൾ അപ്‌ലോഡ്‌ ചെയ്യുന്നവർക്കുള്ള സമ്മാനങ്ങൾ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച ആപ്പ് മുഖേന ബില്ല് സ്‌കാൻ ചെയ്താൽ തന്നെ അപ്‌ലോഡ്‌ ആവും.

അടുത്ത ക്രിസ്മസ്-ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് തീയതി ഫെബ്രുവരി 10ന് ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. 25 ലക്ഷം രൂപയാണ് ക്രിസ്മസ് ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് സമ്മാനത്തുക. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു.
ജിഎസ്‍ടി വകുപ്പ് കമ്മിഷണർ അജിത് പാട്ടീൽ, സ്‌പെഷ്യൽ കമ്മിഷണർ ഡോ. എസ് കാർത്തികേയൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര എന്നിവര്‍ സംസാരിച്ചു. 

Eng­lish Sum­ma­ry: Lucky Bill App: Prizes distributed

You may also like this video

Exit mobile version