Site iconSite icon Janayugom Online

ലംപ്സം ഗ്രാന്റ് 10% കൂട്ടി; എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഗുണകരം

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവിഭാഗമടക്കമുള്ള വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ് 10 % വർധിപ്പിച്ചു. ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവേയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ലംപ്സം ഗ്രാന്റ് വർധനവ് പ്രഖ്യാപിച്ചത്. എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഗ്രാന്റിൽ വർധന ലഭിക്കും. 85 കോടി രൂപ ഇതിനായി ചെലവ് കണക്കാക്കുന്നതായും മന്ത്രിസഭയിൽ വ്യക്തമാക്കി. നിലവിൽ ഹൈസ്കൂൾ തലത്തിൽ 1000, ഡിഗ്രി-1400, പിജി-1900, എംബിബിഎസ് 3,800 എന്നിങ്ങനെയാണ് ലംപ്സം ഗ്രാന്റ്. എസ്‌സി-എസ്‌ടി പ്രമോട്ടർമാരുടെ ഹോണറേറിയത്തിലും 1000 രൂപയുടെ വർധന വരുത്തി. പട്ടികജാതി വികസന വകുപ്പിൽ 1216ഉം പട്ടികവർഗ വികസന വകുപ്പിൽ 1182ഉം പ്രമോട്ടർമാരുണ്ട്. പട്ടികവിഭാഗക്കാരായ വ്യവസായ സംരംഭകർക്കുള്ള വായ്പകളിൽ പലിശ സബ്സിഡിയായി 5% തുക അനുവദിക്കും. ഇതിനായി 10 കോടി വകയിരുത്തി. സംസ്ഥാനത്തെ വിശ്വകർമ്മ പെൻഷൻ തുക 1600 രൂപയിൽ നിന്ന് 2000 രൂപയായും ഉയർത്തി. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തിൽ 5% വർധനവ് ഏർപ്പെടുത്തി. ബജറ്റിൽ പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തിൽ ആയിരം രൂപ വർധിപ്പിച്ചിരുന്നു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിലും 500 രൂപയുടെ വർധനവ് വരുത്തി.

കെയര്‍ പദ്ധതിയുടെ ഭാഗമായി സ‌്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗത്തിനുള്ള മരുന്ന് ഉറപ്പാക്കുന്നതിനായി 30 കോടി രൂപ വകയിരുത്തി. അപൂർവയിനം രോഗങ്ങൾക്കുള്ള ചികിത്സ മെച്ചപ്പെടുത്തുന്നതിനായി 2024ൽ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് രൂപം നൽകിയ പദ്ധതിയാണ് കെയര്‍. കണ്ണൂർ അന്താരാഷ്ട്ര യോഗാ റിസർച്ച് സെന്റർ നിർമ്മാണത്തിനായി സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് അധിവർഷ ആനുകൂല്യം നൽകാൻ 50 കോടിയും നീക്കിവച്ചു. പുതുക്കിയ കണക്ക്​ പ്രകാരം ഈ സാമ്പത്തിക വർഷം ആകെ ചെലവ്​ 1.95 ലക്ഷം കോടിയാകും. സാമ്പത്തിക വർഷാവസാനം 6000 കോടി കേന്ദ്രം വെട്ടിക്കുറച്ച ശേഷമാണിത്. ഒന്നം പിണറായി സർക്കാരിന്റെ അവസാന വർഷം 1.32 ലക്ഷം കോടിയായിരുന്നു ചെലവ്​. രണ്ടാം പിണറായി സർക്കാരി​​ന്റെ ഒന്നാം വർഷം ഇത്​ 1.62 ലക്ഷം കോടിയായി. പിന്നീടുള്ള മൂന്ന്​ വർഷങ്ങളിൽ നിശ്ചലമായിരുന്നു. കഴിഞ്ഞ വർഷം ഇത്​ 1.73 ലക്ഷം കോടിയായി. ഇക്കുറി 1.95 ലക്ഷം കോടിയിലേക്കും അടുത്ത സാമ്പത്തിക വർഷം രണ്ട്​ ലക്ഷം കോടിയി​ലേക്കും ചെലവും വർധിക്കും. ഒറ്റ വർഷം 22,000 കോടി വരുമാനത്തിലും ചെലവിലും വർധിച്ചുവെന്നത്​ അഭിമാനകരമാണ്.

തൊഴിലുറപ്പ് പദ്ധതിക്ക്​ സംസ്ഥാന ബജറ്റിൽ സാധാരണ തുക നീക്കിവയ്ക്കാറില്ല. പക്ഷേ ഇക്കുറി അപകടം മുന്നിൽ കണ്ട്​ 1000 കോടി വകയിരുത്തിയിട്ടുണ്ട്. ശമ്പള കമ്മിഷൻ നടപടി ഉടൻ തുടങ്ങും. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്​കോളർഷിപ്പ്​ ഈ വർഷം ആരംഭിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയും ഡി എ തീർപ്പാക്കലുമടക്കം സാധിക്കുംവിധം കൃത്യമായ ആസൂത്രണത്തോടെയാണ്​ ബജറ്റ്​ തയ്യാറാക്കിയിരിക്കുന്നത്​. അതിൽ യാതൊരു ആശങ്കയും വേണ്ടെന്നും ധനമന്ത്രി പറഞ്ഞു. 

Exit mobile version