Site iconSite icon Janayugom Online

ചന്ദ്രയാന് വെല്ലുവിളിയായി ലൂണ 25

ദക്ഷിണധ്രുവത്തി­ല്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ഇന്ത്യൻ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ച് റഷ്യ. റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ‑25 ആണ് ചന്ദ്രയാന്റെ എതിരാളി. ഈ മാസം 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്താൻ ചന്ദ്രയാൻ ലക്ഷ്യമിടുമ്പോള്‍ അതേ സമയത്തില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ മുൻപില്‍ ചന്ദ്രോപരിതലത്തില്‍ എത്തിച്ചേരാനാണ് ലൂണയുടെ ലക്ഷ്യം. 

റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ പ്രസ്താവനയനുസരിച്ച് ലൂണ‑25 ന് ചന്ദ്രോപരിതലത്തിലെത്താൻ അഞ്ച് ദിവസം മതിയാകും. ദക്ഷിണ ധ്രുവത്തിലെത്തുന്നതിന് മുമ്പുള്ള അഞ്ച് മുതല്‍ ഏഴ് ദിവസം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കും. അവകാശവാദം ശരിയാണെങ്കില്‍ ചന്ദ്രയാൻ എത്തുന്ന അതേ സമയം അല്ലെങ്കില്‍ അതിനേക്കാള്‍ മുൻപില്‍ ലൂണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സ്ഥാനം പിടിക്കും. സോയുസ്-2 ഫ്രെഗാറ്റ് ബൂസ്റ്റര്‍ ഉപയോഗിച്ചാണ് ലൂണയുടെ വിക്ഷേപണം. ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ചാന്ദ്ര ദൗത്യം.
രണ്ട് ദൗത്യങ്ങളും പരസ്പരം വെല്ലുവിളി സൃഷ്ടിക്കില്ലെന്ന് റോസ്‌കോസ്‌മോസ് പറയുന്നു. രണ്ട് പേടകങ്ങളും ദക്ഷിണ ധ്രുവമാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ട് വ്യത്യസ്ത മേഖലകളിലാകും ലാൻഡ് ചെയ്യുക. ലൂണ 25 ദക്ഷിണ ധ്രുവത്തിലെ മൈസിനി ഗര്‍ത്തത്തിന് കിഴക്ക് പടിഞ്ഞാറായാകും ഇറങ്ങുക. പേടകങ്ങള്‍ പരസ്പരം കൂട്ടിമുട്ടില്ലെന്നും രണ്ട് പേടകങ്ങള്‍ക്കും ആവശ്യമായ സ്ഥലം ചന്ദ്രനിലുണ്ടെന്നും റോസ്‌കോസ്‌മോസ് കൂട്ടിചേര്‍ത്തു.

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തി ചന്ദ്രനിലെ താപചാലകത, താപ വ്യതിയാനം, എന്നിവ അറിയാനാണ് ചന്ദ്രയാൻ‑3 ലക്ഷ്യമിടുന്നതെങ്കില്‍ ചന്ദ്രോപരിതലത്തിലെ രാസ ഘടന, പ്ലാസ്മ സാന്ദ്രത നിരീക്ഷണം, പൊടി പടലങ്ങളുടെ നിരീക്ഷണം എന്നിവയാണ് ലൂണ‑25 ന് താല്പര്യം. ലാൻഡറിന്റെ ഘടനയില്‍ ഇരു പേടകങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.
നാല് കാലില്‍ ചന്ദ്രോപരിതലത്തിലിറങ്ങാൻ ഉദേശിക്കുന്ന റഷ്യൻ പേടകത്തിന് പ്രൊപ്പല്‍ഷൻ ടാങ്ക്, മുകള്‍ തട്ടില്‍ സോളാര്‍ പാനലുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, ശാസ്ത്രീയ ഉപകരണങ്ങള്‍ എന്നിവയാണ് ഉള്ളത്. ചന്ദ്രയാൻ‑3ല്‍ ഒരു തദ്ദേശീയ ലാൻഡര്‍, പ്രൊപ്പല്‍ഷൻ മോഡ്യൂള്‍, റോവര്‍ എന്നിവ അടങ്ങുന്നു. ചന്ദ്രയാന്റെ ആയുസ്സ് 14 ഭൗമദിനം അല്ലെങ്കില്‍ ഒരു ചാന്ദ്ര ദിനം മാത്രമാണ്. അതേസമയം ലൂണ‑25 ഒരു വര്‍ഷം ചന്ദ്രോപരിതലത്തില്‍ പഠനം നടത്തും. 

ഭ്രമണപഥം താഴ്ത്തല്‍: രണ്ടാംഘട്ടം ഇന്ന് 

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ‑3 ന്റെ അടുത്ത ഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിലായിരിക്കും ഇത് നടക്കുക. ഈ മാസം 17 വരെ മൂന്ന് ഘട്ട ഭ്രമണപഥം താഴ്ത്തലുകള്‍ ഉണ്ടാകുമെന്നും ശേഷം ലാൻഡറും റോവറും വേര്‍പെടുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഈ മാസം 23 ന് ചന്ദ്രയാൻ‑3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം ചന്ദ്രയാന്‍-3 രേഖപ്പെടുത്തിയ ചന്ദ്രന്റെ ആദ്യ വീഡിയോ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. 

Eng­lish Sum­ma­ry: Luna 25 as a chal­lenge to Chandrayaan

You may also like this video

Exit mobile version