ജനയുഗം പത്രം പുനഃപ്രസിദ്ധീകരണം ആരംഭിച്ച് ഏതാനും വർഷം ആയിക്കാണും. വാരാന്തത്തിലും പത്രത്തിലും സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന കാലം. അധ്യാപനവും എഴുത്തും പരസ്പര പൂരകമായി മാറിയ നാളുകളായിരുന്നു അത്. വേറിട്ട ഒരു സാംസ്കാരിക മുഖവുമായി ഇറങ്ങുന്ന ജനയുഗത്തിന്റെ ഓണപ്പതിപ്പ് അക്കാലത്ത് ഏറെ ശ്രേദ്ധേയമായിരുന്നു. പലമുഖ്യധാരാ മാധ്യമങ്ങളും സാഹിത്യത്തിലെ പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ച് ഓണപ്പതിപ്പുകൾ ഇറക്കുമ്പോൾ അതിൽ നിന്നെല്ലാം തികച്ചും വിഭിന്നമായി വിഭവ സമൃദ്ധമായ ഒരു സദ്യ കണക്കെ വായനക്കാരുടെ മുന്നിലെത്തിയ ഒന്നായിരുന്നു 2009 ലെ ജനയുഗം ഓണപ്പതിപ്പ്. വാരാന്തത്തിൽ ഫീച്ചറുകൾ നിരന്തരമായി എഴുതിക്കൊണ്ടിരുന്ന അക്കാലത്താണ് ഓണപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന സി അനൂപ് തിരുവനന്തപുരത്തു നിന്നും വിളിക്കുന്നത്. സുദീർഘമായ ഡൽഹി വാസത്തിനുശേഷം എം മുകുന്ദൻ വീട്ടിലെത്തിയിട്ടുണ്ട്. ജനയുഗം ഓണപ്പതിപ്പിന്റെ പ്രതിനിധിയായി എം മുകുന്ദനെ നേരിൽ കാണണം. കേട്ടപ്പോൾ ഉള്ളിൽ ഭയമായിരുന്നു. പുസ്തകങ്ങളിൽ നിന്നുമാത്രം അടുത്തറിഞ്ഞ നോവലിസ്റ്റിനെ നേരിൽ കാണുക, അഭിമുഖം തയാറാക്കുക. കുറച്ചൊന്നുമല്ല ആവേശം തോന്നിയത്. ദിവസങ്ങൾ നീണ്ടു നില്ക്കുന്ന ഗൃഹപാഠങ്ങൾ ചെയ്ത് നോട്ടുകൾ തയാറാക്കി അഭിമുഖത്തിനായി പുറപ്പെട്ടു. ഫോട്ടോഗ്രാഫറായ ഹക്സറിനെയും കൂട്ടിയാണ് എം മുകുന്ദനെ കാണുന്നത്. അഭിമുഖം പൂർത്തിയായതോടെ കേവലം ചോദ്യം ഉത്തരം എന്നതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ശൈലി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് തോന്നി. ഡൽഹിയിൽ നിന്നും തിരികെ മയ്യഴിയിലെത്തിയ മുകുന്ദൻ തന്റെ ദേശത്തെ അറിഞ്ഞു കൊണ്ടുള്ള ഒരു യാത്രയാക്കി മാറ്റാൻ തീരുമാനിച്ചു. ഭൂതകാലത്തിന്റെ മർമ്മരങ്ങൾ കേൾപ്പിക്കുന്ന മയ്യഴിയുടെ വഴിത്താരകളിലൂടെ എം മുകുന്ദനും ഞാനും ഹക്സറും ചേർന്ന് യാത്ര ചെയ്തു. ഹക്സർ ചിത്രങ്ങൾ പകർത്തിക്കൊണ്ടേയിരുന്നു.
ദേശം ഇതിഹാസമാകുന്നു
മാഹിപ്പള്ളി, പുത്തലം ക്ഷേത്രം, മണ്ടോള ക്ഷേത്രം, പാതാർ… ഇതിനു പുറമെ ഒരു കാലത്ത് ഫ്രഞ്ച് നാമധേയത്തിലുള്ള റോഡുകളിലൂടെയെല്ലാം ഞങ്ങൾ സഞ്ചരിച്ചു. മുകുന്ദനിൽ നിന്നും കേട്ട പല കൗതുകങ്ങളെയും കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി ഞാനും സുഹൃത്തുക്കളായ ഒ കെ ഷിജുവും,മശ്രീകാന്തുമെല്ലാം ചേർന്ന് മയ്യഴിയിലൂടെ പലതവണയാത്ര ചെയ്തു. മയ്യഴിയിലെ സ്ഥിര താമസക്കാരായ പലരെയും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചു. കണ്ടുമുട്ടിയ ഓരോ പുതിയ മുഖവും മയ്യഴിയെപ്പറ്റി ഇന്നുവരെ കേൾക്കാത്ത അനുഭവങ്ങളുടെ വാതായനമ തുറന്നിട്ടു.
ഒരു ദേശം ഇതിഹാസമായി രൂപം പ്രാപിക്കുന്നത് മയ്യഴിയിലൂടെ യാത്ര ചെയ്യുന്ന ആർക്കും ബോധ്യമാകും. ദേശത്തെ അറിയാനായി യാത്ര ചെയ്യുമ്പോൾ നമുക്ക് അജ്ഞാതമായ പ്രഹേളികയിലേക്ക് ദേശം, നമ്മെ കൂട്ടികൊണ്ടുപോകും. നമ്മൾപോലും അറിയാതെ എല്ലാം മറന്ന് അതിൽ മുഴുകും. ഇതിനിടയിൽ ജനയുഗം ഓണപ്പതിപ്പിന്റെ പണി ആരംഭിച്ചുവെന്നും, കൈയ്യെഴുത്ത് പ്രതി ഉടൻ അയക്കണമെന്നും ആവശ്യപ്പെട്ട് എഡിറ്റര്‍ സി അനൂപ് നിരന്തരം വിളിച്ചുകൊണ്ടിരുന്നു. വാസ്തവത്തിൻ ഫീച്ചർ തയാറാക്കുക ശ്രമകരമായ ദൗത്യമായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ പരാമർശിക്കുന്ന ഭാവനാസമ്പന്നവും അല്ലാത്തതുമായവയെ അടിസ്ഥാനമാക്കി വസ്തുതകൾ തേടിയുള്ള ഒരു അന്വേഷണമായിരുന്നു അത്. യാഥാർത്ഥ്യത്തിനും അയാഥാർത്ഥ്യത്തിനും ഇടയിലുള്ള ഒരു നൂൽപ്പാലത്തിലൂടെയുള്ള യാത്ര. വസ്തുതകളെ ഫോട്ടോ സഹിതം സ്ഥാപിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് നിരന്തരമായ അന്വേഷണങ്ങളും പഠനങ്ങളും സമാന്തരമായി നടത്തി പൂർത്തിയാക്കിയ ഒരു ഫീച്ചറായിരുന്നു ‘മയ്യഴിയുടെ മനസ്സ്.’ ഓണപ്പതിപ്പ് ഇറങ്ങി ദിവസങ്ങൾക്കുശേഷമാണ് മുകുന്ദേട്ടൻ വിളിക്കുന്നത്. വ്യത്യസ്തമായ ശൈലിയിൽ ഓണപ്പതിപ്പ് തയാറാക്കിയതിൽ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു അത്.
മയ്യഴിയുടെ സ്വത്വം
മുകുന്ദൻ തന്റെ കൃതികളിൽ സൃഷ്ടിച്ചത് സമാന്തരമായ മയ്യഴിയായിരുന്നില്ല. മയ്യഴിയിൽ എന്തൊക്കെയുണ്ടോ? അതെല്ലാം മുകന്ദന്റെ കൃതികളിലുണ്ട് മയ്യഴിയുടെ സ്വത്വത്തെ സ്വാംശീകരിച്ച എഴുത്തായിരുന്നു മുകുന്ദന്റേത്. മയ്യഴിയെപ്പറ്റി പറയുമ്പോഴെല്ലാം മുകുന്ദൻ തന്റെ ബോധത്തിൽ നിന്നും അബോധത്തിൽ നിന്നും ചില നൈതിക മൂല്യങ്ങളെ നമ്മുടെ മുന്നിലെത്തിക്കും. എൺപതിന്റെ നിറവിലേക്ക് കടക്കുമ്പോഴും താരമൂല്യമുള്ള എഴുത്തുകാരനാണ് എം മുകുന്ദൻ. അദ്ദേഹത്തിന് മയ്യഴിയെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ല. മുകുന്ദന്റെ സ്പർശത്താൽ പുതിയ രൂപത്തിലും ഭാവത്തിലും വായനക്കാരനുമുമ്പിൽ മയ്യഴി അനന്തമായ ആകാശം പോലെ ഇതൾ വിരിയും. ഓരോ നിമിഷവും നമ്മിൽ ജിജ്ഞാസ സൃഷ്ടിക്കുവാനുള്ള എഴുത്തുകാരന്റെ മാസ്മരികവിദ്യ മുകുന്ദൻ തന്റെ രചനയിലുടനീളം പാലിക്കുന്നു. ഒരു ഗവേഷകനെന്ന നിലയിൽ മുകുന്ദനെയും ദേശത്തെയും സമീപിച്ചപ്പോൾ ഇത് നേരിൽ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
ജീവിക്കുന്ന ഓർമ്മകൾ
മുകുന്ദൻ കൃതികളിൽ നിറഞ്ഞുനില്ക്കുന്ന ദേശത്തെ അടിസ്ഥാനമാക്കി ഗഹനമായ വിശകലനം നിരൂപകനായ ഡോ. എസ്. എസ് ശ്രീകുമാർ അവതരിപ്പിക്കുന്നുണ്ട്. ഉപരിപ്ലവതയ്ക്കപ്പുറമുള്ള ദേശത്തിന്റേതായ സ്വത്വം മുകുന്ദന്റെ കൃതികളുടെ ആരൂഢമാണ്. നോവലിസ്റ്റ് യാഥാർത്ഥ്യത്തെയും തന്റെ ഭാവനാസമ്പന്നമായ ലോകത്തെയും സന്നിവേശിപ്പിച്ചുകൊണ്ട് ഭൂതകാലത്തെ ഹൃദ്യമായി ആവിഷ്കരിക്കുന്നു. സംസ്കാരപഠനത്തിന്റെ ഭാഗമായി ഇവയെ രൂപപ്പെടുത്തുമ്പോഴാണ് ആഗോളതലത്തിൽ ഇതിന്റെ പ്രസക്തി വർധിക്കുന്നത്. ലാറ്റിനമേരിക്കൻ സംസ്കൃതിയെ നാം അടുത്തറിയുന്നത് മാർക്കേസിലൂടെയാണ് അതുപോലെ ആഗോള സമൂഹത്തിൽ മയ്യഴി അടയാളപ്പെടുത്തുന്നത് മുകിന്ദന്റെ കൃതികളിലൂടെയാണ്. നമ്മുടെ ബൃഹദാഖ്യാനങ്ങൾ സംസ്കാര പഠനത്തിന്റെ ഭാഗമായുള്ള അക്കാദമിക് തലങ്ങളിലേക്ക് ഉയരുമ്പോഴാണ് ആഗോളതലത്തിൽ ഇവ പ്രസക്തമാകുന്നതും ദേശത്തിന് കൂടുതൽ പ്രാധാന്യം കൈവരുന്നതും.
കോളനിയനന്തര മൂന്നാം ലോക രാജ്യങ്ങൾ വൈജ്ഞാനികമായി ഒറ്റപ്പെടുകയായിരുന്നു. ഇന്ന് കോളനിയനന്തര വാദമുൾപ്പെടെയുള്ള സിദ്ധാന്തങ്ങളുടെ വരവോടെ വലിയ മാറ്റമാണ് മൂന്നാം ലോകരാജ്യങ്ങളിൽ സംഭവിച്ചത്. സംസ്കാര പഠനത്തിന്റെ മുഖ്യധാരയിലേക്ക് മൂന്നാം ലോകരാജ്യവും കടന്നുവരുന്നത് ഏറെ പ്രതീക്ഷയോടെയാണ്. മുകുന്ദന്റെ രചനകൾ ഇത്തരമൊരു സ്വത്വബോധമാണ് നിലനിർത്തുന്നത്. നൂറ്റാണ്ടുകൾ കഴിയുമ്പോൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ പലതും നഷപ്പെട്ടു പോകും. പ്രത്യേകിച്ച് ഭാഷ. നഷ്ടപ്പെട്ടു പോയ സംസ്കാരത്തിന്റെ ഓർമ്മകള പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് മുകുന്ദൻ രചനയിലൂടെ നടത്തുന്നത്. കാലങ്ങൾക്കുമുമ്പ് പ്രയോഗത്തിലുണ്ടായിരുന്ന പ്രാദേശിക പ്രയോഗങ്ങൾ കണ്ടപ്പോൾ കൗതുകം തോന്നി ഒരിക്കൽ എഴുത്തുകാരനോടു തന്നെ ചോദിച്ചു, ‘ഈ പ്രയോഗങ്ങളെല്ലാം ഇത്രയും സൂക്ഷ്മമായി എങ്ങനെ കണ്ടെത്താൻ സാധിച്ചു?’ വളരെ ലളിതമായിരുന്നു ഉത്തരം; ‘ഭാഷ ഒരിക്കലും നമ്മിൽ നിന്നും മാഞ്ഞു പോകുന്നില്ല. വീണ്ടെടുക്കാനുള്ള സാഹചര്യം വരുമ്പോൾ അത് സ്വാഭാവികതയോടെ നമ്മുടെ ഉള്ളിൽ നിറയും.’
ഉപദേശീയത
നീണ്ട പതിറ്റാണ്ടുകളുടെ ഡൽഹി വാസത്തിന് ശേഷം മയ്യഴിയിലെത്തിയപ്പോൾ മുകുന്ദൻ എന്ന എഴുത്തുകാരൻ മറ്റൊരാളായി മാറിയില്ല. നാഗരികതയുടെ നടുവിൽ സ്വദേശവുമായി അകന്ന് കഴിഞ്ഞപ്പോഴും മുകുന്ദനിൽ നിറഞ്ഞുനിന്നത് മയ്യഴി മാത്രമായിരുന്നു. അങ്ങ് ദൂരെ വെള്ളിയാങ്കലിൽ പാറി നടക്കുക്കുന്ന തുമ്പികൾ ഓർമ്മകളെ തട്ടിയുണർത്തി പറന്നു കൊണ്ടേയിരുന്നു. മയ്യഴിയിലെ ഓരോ ഓർമ്മകളും മുകുന്ദനിൽ സീൽക്കാരം പോലെ നിറഞ്ഞു നിന്നു. ജീവിച്ച ഭൂതകാലം എഴുത്തുകാരുടെ ഉള്ളിൽ അതേപടി നിറഞ്ഞിരിക്കും. ഡൽഹിയിൽ നിന്നുള്ള തിരിച്ചു വരവിനുശേഷം ആകെ മാറിയ മയ്യഴിയെയാണ് മുകുന്ദൻ കാണുന്നത്.
തന്റെ ഓർമ്മയിൽ നിറഞ്ഞുനിന്ന മയ്യഴി ഒരു സ്വപ്നം പോലെ എപ്പോഴും മുകുന്ദനെ തട്ടിയുണർത്തിക്കൊണ്ടിരുന്നു. ഒരു പക്ഷെ നിറയെ നാട്ടുഭാഷയും നാടോടി ജീവിതങ്ങളും നിറഞ്ഞു നില്ക്കുന്ന മയ്യഴി മുകുന്ദനിൽ വലിയ സംഘർഷമാണ് ഉണ്ടാക്കിയത്. കാരണം അത്തരമൊരു ലോകമില്ലാത്ത മയ്യഴിയിലെ ജീവിതം മുകുന്ദന് അസഹനീയമായിരുന്നു. തന്റെ സ്വത്വം മയ്യഴിയെന്ന ഉപദേശീയതയായിരുന്നു. ഒരു ചെറിയ ദേശമാണെങ്കിൽ പോലും അത് സൃഷ്ടിക്കുന്ന ഭാഷയുടെയും സംസ്കാരത്തിന്റേതുമായ ഒരു ലോകമുണ്ട്. ഒറ്റനോട്ടത്തിൽ അത് നന്നേ ചെറുതായിരിക്കും. എന്നാൽ ആഗോളതലത്തിൽ അതിന് വലിയ പ്രസക്തിയുണ്ടെന്ന കാര്യം നമുക്ക് വിസ്മരിക്കാനാവില്ല. എം മുകന്ദനിലെ ആന്തരികസംഘർഷത്തിന്റെ ബാക്കിപത്രമാണ് ഇടക്കാലത്ത് രചിച്ച സൃഷ്ടികൾ. ‘കുടനന്നാക്കുന്ന ചോയി’ എന്ന നോവൽ അതിവിദൂര ഭൂതകാലത്തെ മയ്യഴിയെയാണ് ആവിഷ്കരിക്കുന്നത്. നാം ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയ ഭാഷയും സംസ്കാരവും പുനഃരാവിഷ്കരിക്കുക എഴുത്തുകാരനു മാത്രം സാധ്യമായ ഒന്നാണ്. കുട നന്നാക്കുന്ന ചോയി പ്രസിദ്ധീകരിച്ചതോടെ ഭാവനയുടെയും യാഥാർത്യത്തിന്റെയും ഇടയിൽ ഒരു നൂൽപാലം രൂപപ്പെടുകയായിരുന്നു. ചോയിയുടെ വിശേഷങ്ങളറിയാനായി വായനക്കാർ എഴുത്തുകാരന് കത്തുകൾ എഴുതിത്തുടങ്ങി. പിന്നീടങ്ങോട്ട് ചോയിയുടെ വിശേഷങ്ങൾ ആരാഞ്ഞ് അറിയുന്നവരും അറിയാത്തവരുടേതുമായ എഴുത്തുകളുടെ പ്രവാഹമായിരുന്നു. അവിടെയും തീർന്നില്ല പുതിയൊരു നോവൽ പിറവിയിലേക്കു വരെ ഇത് നയിച്ചു. തൊട്ടുപിറകെ പുതിയൊരു നോവൽ കൂടി രൂപം കൊണ്ടു, ‘നൃത്തം ചെയ്യുന്ന കുടകൾ.’ വായനക്കാർ അത് ആഘോഷമാക്കി. ഉപദേശീയത നമ്മുടെ സ്വത്വത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവായിരുന്നു മുകുന്ദന്റെ പിൽകാലത്തെ രചനകള്‍. എഴുത്തുകാരന്റെ ആത്മനിഷ്ഠമായ ചിന്തയിലൂടെ ദേശ സ്വത്വത്തെയാകെ പ്രതിനിധാനം ചെയ്യുന്ന വിധം അത് വളരുകയായിരുന്നു.
എല്ലാവരുടെയും ഉള്ളിൽ ദേശമുണ്ട് വ്യക്തിയെയും സമൂഹത്തെയുമെല്ലാം സൃഷ്ടിക്കുന്നത് ദേശമാണ്. മുകുന്ദന് എന്നും പ്രിയപ്പെട്ട ഇടമാണ് മയ്യഴി തന്റെ രചനയ്ക്ക് പൂർണത നല്കുന്ന മഷിപ്പാത്രമാണത്. ഏത് നാട്ടിലായാലും ഉള്ളിൽ നിറഞ്ഞു നില്ക്കുന്നത് മയ്യഴി മാത്രമാണ്. മയ്യഴിയിലൂടെയുള്ള യാത്ര മുകുന്ദനെ സംബന്ധിച്ചിടുത്തോളം വെറുതെ റ്യൂദ്ല ഗാറിലൂടെയും റ്യൂദ് ദ റസിദാംസിലൂടെയും റ്യൂദ് സിവിത്തിയറിലൂടെയു* നടന്നാൽ മാത്രം മതി. കാലം തളം കെട്ടിനില്ക്കുന്ന പാതകൾക്കിരുവശങ്ങളിൽ നിന്നും കഥാപാത്രങ്ങളും സംഭവങ്ങളും ഒപ്പം വന്നുചേരും. നിറഭേദങ്ങളൊന്നുമില്ലാത്ത നിഷ്കളങ്കമായ ദേശം അവിടെ ഒരു ഇതിഹാസം കണക്കെ രൂപപ്പെടും. എം മുകുന്ദൻ തന്റെ സർഗ്ഗാത്മക യാത്ര എൺപതിന്റെ നിറവിലും കൂടുതൽ പ്രൗഢിയോടെ തുടരുകയാണ്. മയ്യഴിയെന്ന കൊച്ചു ലോകത്തിനൊപ്പം ചേർന്നുള്ള യാത്രയിൽ പൊടുന്നനെ ഒരു സർഗ്ഗസൃഷ്ടി പിറവിയെടുക്കാം. അതെ… അത് നിങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്.