Site icon Janayugom Online

ലൈഫ് കോഴക്കേസ് ; ശിവശങ്കർ ഇഡി കസ്റ്റഡിയിൽ

ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസിൽ അറസ്റ്റിലായ എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് അഡിഷണൽ സെഷൻസ് കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കോടതിയിൽ ഹാജരാക്കണം. ഓരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. തന്നെ 12 മണിക്കൂർ ഇഡി ചോദ്യം ചെയ്തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു. ശാരീരികാവസ്ഥ കണക്കിലെടുത്താണു കോടതി നിർദേശം. ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴയിടപാടാണെന്നാണ് എൻഫോഴ്സ്മെന്റ് റിപ്പോർട്ട്.

കരാറിന് ചുക്കാൻ പിടിച്ച ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈൽ ഫോണും ലഭിച്ചതിനു തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോർട്ടിൽ പറ‍യുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് മുൻപുതന്നെ മുൻകൂറായി കമ്മിഷൻ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യൺ ദിർഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്. കമ്മിഷനായി ആയി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കർ ആണെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കരാർ ഉറപ്പിക്കുന്നതിന് മുൻപ് ശിവശങ്കറും സ്വപ്നാ സുരേഷും നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു.

കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. ഇഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നൽകിയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. എന്നാൽ സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ശിവശങ്കറിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി വ്യക്തമാക്കി.

ചോദ്യംചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണക്കടത്തിലെ കള്ളപ്പണക്കേസിലും ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത് ഇത് നാലാം തവണയാണ്. ലൈഫ് മിഷൻ കോഴക്കേസിൽ കൊച്ചിയിലെ ഇഡി ഓഫിസിലാണ് ശിവശങ്കറെ ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. കായിക വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം ജനുവരി 31നാണ് സർവീസിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുൻപായി ഇഡി അദ്ദേഹത്തിന് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിരമിക്കുന്നതുവരെ അദ്ദേഹം സാവകാശം ചോദിച്ചു. ചോദ്യം ചെയ്യലിൽ കൃത്യമായ ഉത്തരങ്ങൾ നൽകാൻ ശിവശങ്കർ വിസമ്മതിച്ചതായും എന്നാൽ വ്യക്തമായ തെളിവുള്ളതിനാൽ അറസ്റ്റ് ചെയ്തു എന്നുമാണ് ഇഡി പറയുന്നത്.

Eng­lish Sum­ma­ry: m sivasankar in ed custody
You may also like this video

Exit mobile version