Site icon Janayugom Online

എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം; സി രാധാകൃഷ്ണന് വിശിഷ്ടാംഗത്വം

എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആശാന്റെ സീതായനം എന്ന പഠന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. സി രാധാകൃഷ്ണന് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്. എം ടി വാസുദേവൻ നായര്‍ക്ക് ശേഷം വിശിഷ്ടാംഗത്വം ലഭിക്കുന്ന ആദ്യ മലയാളിയാണ് സി രാധാകൃഷ്ണൻ. വിവര്‍ത്തനത്തിനുള്ള പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു. വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി എന്ന കൃതിക്കാണ് പുരസ്കാരം. കെ പി രാമനുണ്ണി, വിജയലക്ഷ്മി, മഹാദേവൻ തമ്പി എന്നിവരെ കേന്ദ്ര സാഹിത്യ അക്കാദമി സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി രാധാകൃഷ്ണൻ 1939 ഫെബ്രുവരി 15ന് ചമ്രവട്ടത്ത് ജനിച്ചു. കൊടൈക്കനാല്‍ അസ്ട്രോ ഫിസിക്കല്‍ ഒബ്സര്‍വേറ്ററിയില്‍ 1961ല്‍ ശാസ്ത്രജ്ഞനായി ചേര്‍ന്ന അദ്ദേഹം കാലാവസ്ഥാ വകുപ്പിന്റെ പൂനെ ഓഫീസില്‍ നിന്ന് രാജിവച്ച് സയൻസ് ടുഡേയില്‍ ചേര്‍ന്നു. ലിങ്ക് വാര്‍ത്താ പത്രിക, പേട്രിയട്ട് ദിനപ്പത്രം എന്നിവയുടെ അസിസ്റ്റന്റ് എഡിറ്റര്‍, വീക്ഷണം ദിനപ്പത്രത്തിന്റെ പത്രാധിപര്‍, ഭാഷാപോഷിണി, മനോരമ ഇയര്‍ ബുക്ക് എന്നിവയുടെ എഡിറ്റര്‍ ഇൻ ചാര്‍ജ്ജ്, മാധ്യമം ആഴ്ചപ്പതിപ്പിന്റെ മീഡിയ കണ്‍സള്‍ട്ടന്റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1962), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1988), വയലാര്‍ അവാര്‍ഡ്(1990), അബുദാബി ശക്തി അവാര്‍ഡ്(1988), വിശ്വദീപം അവാര്‍ഡ്(1997) എന്നിവ ലഭിച്ചിട്ടുണ്ട്. നിഴല്‍പ്പാടുകള്‍, തീക്കടല്‍ കടന്ന് തിരുമധുരം, എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി തുടങ്ങി അറുപതിലേറെ കൃതികള്‍ രചിച്ചു. പ്രിയ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ അദ്ദേഹം അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

1940 സെപ്തംബര്‍ 27ന് പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂര്‍ ഗ്രാമത്തിലാണ് എം തോമസ് മാത്യു ജനിച്ചത്. എറണാകുളം മഹാരാജസ് കോളേജില്‍ നിന്ന് മലയാളത്തില്‍ എംഎ പാസായി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, കാസര്‍ഗോഡ് ഗവ. കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ചാലക്കുടി പനമ്പിള്ളി ഗോവിന്ദ മേനോൻ മെമ്മോറിയല്‍ ഗവ. കോളേജ് പട്ടാമ്പി ശ്രീ നീലകണ്ഠശര്‍മ്മ സ്മാരക സംസ്കൃത കോളേജ്, മൂന്നാര്‍ ഗവ. കോളേജ് എന്നിവയുടെ പ്രിൻസിപ്പല്‍ ആയിരുന്നു. 1996ല്‍ വിരമിച്ചു. ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്റെ വാല്‍മീകമെവിടെ, സാഹിത്യദര്‍ശനം, ആത്മാവിന്റെ മുറിവുകള്‍, ന്യൂ ഹ്യൂമനിസം(തര്‍ജ്ജമ), ആര്‍.യു.ആര്‍(തര്‍ജ്ജമ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Eng­lish Sum­mery: M Thomas Math­ew Won Ken­ra Sahithya Puraskaram C Rad­hakr­ish­nan Became Emi­nent Member
You May Also Like This Video

Exit mobile version