സിപിഐ(എം)നും സര്‍ക്കാരിനും എതിരെ ആസൂത്രിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്എഫ്ഐക്കെതിരെയുള്ള വേട്ടയാണ് മാധ്യമങ്ങളുടെയും വലതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഈ ശ്രമങ്ങള്‍. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ തട്ടിപ്പ് നടത്തിയ കേസുകള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുന്നില്ല. ഇടതുപക്ഷത്തെ വളഞ്ഞിട്ട് തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ എം വി ഗോവിന്ദന്‍ പറഞ്ഞു.
കെ സുധാകരനും വി ഡി സതീശനുമെതിരെയുള്ള കേസുകള്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വന്നതല്ല, വ്യത്യസ്ത വ്യക്തികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. രാഷ്ട്രീയത്തിന്റെ പ്രശ്നം ഇതില്‍ വരുന്നില്ല, തട്ടിപ്പിന്റെ പ്രശ്നം മാത്രമെയുള്ളൂ. കൈതോലപ്പായ ആരോപണം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അത് സ്വയം എരിഞ്ഞടങ്ങും. ഏറ്റവും വലതുപക്ഷത്ത് നില്‍ക്കുന്നയാളാണ് ജി ശക്തിധരന്‍. കള്ളപ്രചാരവേലകള്‍ക്ക് മറുപടി പറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ ക്യാമ്പയിന്‍ നല്ല രീതിയില്‍ നടത്താനായെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. തെറ്റായ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: m v govindan pressmeet
You may also like this video