പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. വരുന്ന ജൂണില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും പലസ്തീനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ഇസ്രയേലിനെക്കൂടി അംഗീകരിക്കാന്‍ അനുവദിക്കുന്ന ഒരു പ്രക്രിയയാണ് ലക്ഷ്യമെന്നും മക്രോണ്‍ പറഞ്ഞു. പലസ്തീനെ അംഗീകരിക്കുമെന്ന് നേരത്തെയും മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. ജൂണില്‍ സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് മക്രോണിന്റെ പദ്ധതി.
കഴിഞ്ഞ ദിവസം ഈജിപ്ത് സന്ദര്‍ശിച്ച മക്രോണ്‍, പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായും ജോര്‍ദന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലിനും അധിനിവേശത്തിനും താന്‍ എതിരാണെന്നും ചര്‍ച്ചയ്ക്കിടെ അദ്ദേഹം വ്യക്തമാക്കി. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണ് ഫ്രാന്‍സിന്റെ അംഗീകാരമെന്ന് പലസ്തീന്‍ വിദേശകാര്യ സഹമന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ ഷാഹിന്‍ പറഞ്ഞു. എന്നാല്‍ ഫ്രാന്‍സിന്റെ നടപടി ഹമാസിന് ഉത്തേജനം നല്‍കുകയാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു. യുഎന്നിലെ 193ല്‍ 147 അംഗരാജ്യങ്ങള്‍ പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. അര്‍മേനിയ, സ്ലൊവേനിയ, അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍, ബഹാമാസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ, ജമൈക്ക, ബാര്‍ബഡോസ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിരുന്നു.

