മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിൽ എത്തും. നിയമന വിവാദം ഗ്രൂപ്പ് യുദ്ധമായി വളർന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നത് കീറാമുട്ടിയാകും.കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ,കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ ജയന്ത്,അബ്ദുൾ മുത്തലിബ് എന്നിവരാണ് സമിതി അംഗങ്ങൾ.
കെ സുധാകരൻ അനുകൂലികളും എം കെ രാഘവൻ അനുകൂലികളും തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാര ഫോർമുലയുണ്ടാക്കുന്നത് എളുപ്പമല്ല. എംകെ രാഘവൻ എംപിക്ക് എതിരാണ് കണ്ണൂർ ഡിസിസി കെപിസിസിക്ക് നൽകിയ റിപ്പോർട്ട്.കണ്ണൂർ ഡിസിസിയുടെ നിലപാടിനെ പരസ്യമായി വിമർശിച്ച് എം കെ രാഘവനും രംഗത്തെത്തിയിരുന്നു.
വിഷയം ചർച്ച ചെയ്യാൻ ചേർന്ന ഡിസിസി നേതൃയോഗത്തിലും എം കെ രാഘവനെ അനുകൂലിക്കുന്നവരും സുധാകര അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.പരസ്യ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും ഉപസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക.നേതൃമാറ്റ ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ കണ്ണൂരിലെ പ്രവർത്തകരെ കൂടെ നിർത്താൻ മാടായി കോളേജ് വിവാദം ആയുധമാക്കുകയാണ് കെ സുധാകരൻ.പോരാടാനുറച്ച് എം കെ രാഘവനും രംഗത്തുണ്ട്