സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെയ്ഡ് ഇൻ കേരള ബ്രാന്റ് വിൽപനശാലകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇത്തരം വിൽപന കേന്ദ്രങ്ങൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഉൽപാദിപ്പിച്ചതും മെയ്ഡ് ഇൻ കേരള സാക്ഷ്യപത്രം ലഭിച്ചതുമായ എല്ലാത്തരം ഉൽപന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ സംരംഭകവർഷം പ്രചരണ വീഡിയോയുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംരംഭകരെത്തേടി വ്യവസായ വകുപ്പ് എത്തുകയാണ്. ഓരോ തദ്ദേശസ്ഥാപനത്തിലും സംരംഭകരെ സഹായിക്കാൻ ഇന്റേണികളെ നിയമിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനും സംരംഭനടത്തിപ്പ് എളുപ്പമാക്കുന്നതിനുമുള്ള ഒരു അന്തരീക്ഷം ഇതിനകം കേരളത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. പൊതു സഹായകകേന്ദ്രങ്ങൾ, വിപണന സഹായ പദ്ധതികൾ എന്നിവയും സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംരംഭക വർഷം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം പി രാജീവ് പ്രകാശനം ചെയ്തു. അഞ്ച് പ്രചരണ ചിത്രങ്ങളാണ് വകുപ്പ് പുറത്തിറക്കുന്നത്. കെഎസ്ഐഡിസി വാർത്താ പത്രികയുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അധ്യക്ഷനായി. പ്രിൻസിപ്പൽ സെക്രട്ടറി എ പഎം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം, കെ.സുധീർ എന്നിവർ സംസാരിച്ചു.
English summary;Made in Kerala brand outlets in all local bodies: P Rajeev
You may also like this video;