Site icon Janayugom Online

സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാധവ് മുരളി

music

ന്‍പത് വയസുകാരൻ മാധവ് മുരളി ആദ്യമായി പാടിയ മാധവഗീതം എന്ന വീഡിയോ ആൽബം നാലു ദിവസംകൊണ്ട് കണ്ടത് ഒരു ലക്ഷം പേർ. ശ്രീകൃഷ്ണനെ വർണിച്ചുകൊണ്ടുള്ള ഈ ഗാനം രചിച്ചത് എഴുത്തുകാരിയും സാമൂഹ്യ, കലാ, സാംസ്കാരിക പ്രവർത്തകയുമായ ജയശ്രീ ഗോപാലകൃഷ്ണൻ ആണ്. ജയശ്രീയുടെ മൂത്ത മകൾ വീണയുടെയും മുരളീധരൻ നായരുടെയും മകനാണ് മാധവ്. “യമുനാതീരത്തെ അമ്പാടിക്കണ്ണനെ കാണുവാൻ…” എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായാണ് മാധവ് പാടി അഭിനയിച്ചത്. പ്രമുഖ ഗായകൻ കൂടിയായ ഖാലിദ് ആണ് ഗാനത്തിന് ഈണം നൽകിയത്. ജയശ്രീയും ഖാലിദും ഒന്നിച്ച് പ്രവർത്തിച്ച എട്ടാമത്തെ ആൽബമാണിത്.

ബാബു ജോസ് ഓർക്കസ്ട്രേഷൻ നിർവഹിച്ച ഗാനം തിരുവനന്തപുരം ബെൻസൺ ക്രിയേഷൻസ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു. ട്യൂൺസ് ഓഫ് യാദിന്റെ ബാനറിൽ നിർമിച്ച ആൽബം അജി മസ്കറ്റ് ആണ് സംവിധാനം ചെയ്തത്. അബുദാബി ജെംസ് വിൻസിസ്റ്റർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മാധവ് മുരളി. ചെറുമകനെക്കൊണ്ട് ഗാനം പാടിപ്പിക്കണമെന്നത് ജയശ്രീയുടെ ആഗ്രഹമായിരുന്നു. മാധവും കുടുംബവും ആഗസ്റ്റിൽ അവധിക്ക് തിരുവനന്തപുരത്ത് വന്നപ്പോഴായിരുന്നു ഗാനം പാടിപ്പിച്ചത്. ആദ്യമായി പാടിയതാണെങ്കിലും ആലാപനം അതീവ ഹൃദ്യമാക്കാൻ കൊച്ചുമിടുക്കന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഗാനം പുറത്തിറങ്ങിയപ്പോൾ മാധവനെ തേടി അഭിനന്ദന പ്രവാഹമുണ്ടായി. മനോഹരമായ പുഞ്ചിരിയോടെ അഭിനയിച്ച മാധവ് കാഴ്ചക്കാരുടെ മനം കവർന്നു.

പഠനത്തിലെന്നപോലെ അഭിനയവും ഗാനാലാപനവും നീന്തലും മാധവിന് ഏറെ ഇഷ്ടമാണ്. സ്വന്തമായി ‘മാഡ്സ്പേസ് ’ എന്ന യൂട്യൂബ് ചാനലും ഉണ്ട്. വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും ഭാഷയും കറൻസികളും കാണാതെ പറയാനും മാധവിന് കഴിയും. മാധവിന്റെ അച്ഛൻ അബുദാബിയിൽ എൻജിനീയറും അമ്മ ഇൻഷുറൻസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുമാണ്. തൃശൂർ എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ബിആർക് വിദ്യാർത്ഥിനിയായ സഹോദരി കല്യാണി ഗായികയും നർത്തകിയും ചിത്രകാരിയും ആണ്.
ജയശ്രീ ഗോപാലകൃഷ്ണന്റേത് ഒരു കലാകുടുംബമാണ്. വിദേശത്ത് എഞ്ചിനീയർ ആയിരുന്ന ഭർത്താവ് ഗോപാലകൃഷ്ണൻ നായർ ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. ഇവരുടെ ഇളയ മകൻ ഡോ. വിഷ്ണു ഗോപാൽ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മൂന്നു തവണ തുടർച്ചയായി കലാപ്രതിഭയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ ശില്പ ബാല നർത്തകിയും വ്ലോഗറും ടിവി, സ്റ്റേജ് ഷോ അവതാരകയുമാണ്.
ഗാനാലാപനം തുടരുന്നതോടൊപ്പം നല്ല അവസരങ്ങൾ വന്നാൽ മാധവിനെ സിനിമയിൽ അഭിനയിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കുടുംബം.

Exit mobile version